ദുർബലരോട് കാണിക്കുന്ന കരുതലിലാണ് യഥാർത്ഥ ശക്തിയും മഹത്വവും അടങ്ങിയിരിക്കുന്നത്: ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ

ദുർബലരോട് കാണിക്കുന്ന കരുതലിലാണ് യഥാർത്ഥ ശക്തിയും മഹത്വവും അടങ്ങിയിരിക്കുന്നത്: ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ആധിപത്യത്തിലല്ല, സമൂഹത്തിലെ ഏറ്റവും ദുർബലരായവർക്ക് നൽകുന്ന കരുതലിലാണ് യഥാർത്ഥ ശക്തിയും മഹത്വവും അടങ്ങിയിരിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്ത് ആ ദിവസത്തെ സുവിശേഷ വായനയുടെ (മർക്കോസ് 9: 30-37) വ്യാഖ്യാനം നൽകുകയായിരുന്നു പാപ്പ.

യേശു തൻ്റെ പീഡാനുഭവത്തെയും മരണത്തെയും ഉത്ഥാനത്തെയും കുറിച്ച് പ്രവചിക്കുന്ന സുവിശേഷഭാഗമാണ് അത്. എന്നാൽ, അവിടുന്ന് അരുളിചെയ്ത ഈ വാക്കുകളുടെ അർത്ഥം ശിഷ്യന്മാർക്ക് മനസ്സിലായില്ല. അവർ അപ്പോഴും തങ്ങളിൽ 'വലിയവൻ ആരാണ് ' എന്ന് പരസ്പരം തർക്കിക്കുകയായിരുന്നു.

ശുശ്രൂഷയുടെ മഹത്വം

വഴിയിൽ വച്ച് എന്തിനെക്കുറിച്ചാണ് തർക്കിച്ചതെന്ന് യേശു തൻ്റെ ശിഷ്യന്മാരോടു ചോദിച്ചപ്പോൾ അവർ മൗനം പാലിക്കുകയാണുണ്ടായത്. അവിടുത്തെ മുമ്പിൽ അവർക്കുണ്ടായ ലജ്ജ മൂലമാണ് അവർ മൗനം അവലംബിച്ചത്. കാരണം, അവിടുത്തെ വാക്കുകൾ കേട്ടു മനസ്സിലാക്കാൻ ശ്രമിക്കാതെ, അഹന്ത മൂലം അവർ തങ്ങളുടെ ഹൃദയങ്ങൾ അടച്ചുപൂട്ടുകയും തങ്ങളിൽ ആരാണ് വലിയവൻ എന്ന് പരസ്പരം തർക്കിക്കുകയും ചെയ്തു. ദാനമായി അർപ്പിക്കപ്പെടേണ്ട തൻ്റെ ജീവിതത്തിന്റെ അർത്ഥം കർത്താവ് അവർക്ക് വെളിപ്പെടുത്തിക്കൊടുത്തെങ്കിലും അവരുടെ ചിന്തകൾ അതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.

എന്നിട്ടും, വഴിയിൽവച്ച് പരസ്പരം മന്ത്രിച്ച അവരുടെ തർക്കങ്ങളോട് യേശു തുറന്നു പ്രതികരിച്ചു. അവിടുന്ന് പറഞ്ഞു: ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടെയും ശുശ്രൂഷകനുമാകണം.
(മര്‍ക്കോസ്‌ 9 : 35) 'നിങ്ങൾക്ക് വലിയവനാകണമെന്ന് ആഗ്രഹമുണ്ടോ? എങ്കിൽ, സ്വയം ചെറുതായി എല്ലാവരുടെയും ശുശ്രൂഷകനാകുക' - പാപ്പാ പറഞ്ഞു.

അധികാരം സേവനത്തിന്

യഥാർത്ഥ അധികാരമെന്നാൽ പ്രബലരായവർ അടിച്ചേൽപ്പിക്കുന്ന ആധിപത്യമല്ല മറിച്ച്, സമൂഹത്തിലെ ഏറ്റവും ദുർബലരായവരോട് കാണിക്കുന്ന കരുതലാണെന്ന് പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു. ഇക്കാരണത്താലാണ് അവിടുന്ന് ഒരു ശിശുവിനെ അവരുടെ മധ്യത്തിൽ നിർത്തി 'ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു' എന്ന് പറഞ്ഞത്. പരസഹായം കൂടാതെ ഒരു ശിശുവിന് ജീവിക്കാൻ സാധിക്കുകയില്ല.അപ്രകാരം തന്നെയാണ് വിവിധ ആവശ്യങ്ങളുള്ള എളിയ മനുഷ്യർ മറ്റുള്ളവരെ ആശ്രയിക്കുന്നത് - മാർപാപ്പ പറഞ്ഞു.


ഇന്ന് നാം ഓരോരുത്തരും ജീവിച്ചിരിക്കുന്നത് നമുക്കു കിട്ടിയ കരുതലും സ്നേഹവും മൂലമാണ്. എന്നാൽ, അധികാരത്തിനു വേണ്ടിയുള്ള മനുഷ്യൻ്റ ദാഹം ആ സത്യം മറക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ആധിപത്യം പുലർത്താനുള്ള മനുഷ്യൻ്റെ ആഗ്രഹവും സേവനം ചെയ്യാനുള്ള അവൻ്റെ വിമുഖതയും ചെറിയവരും ദുർബലരും ദരിദ്രരുമായവരുടെ ജീവിതത്തിൽ അനിവാര്യമായ കഷ്ടപ്പാടുകൾക്ക് കാരണമായിത്തീരുന്നു.

എത്രയധികം മനുഷ്യരാണ് അധികാര വടംവലികൾക്ക് ഇരയാവുകയും മരിക്കുകയും ചെയ്യുന്നത്! യേശുവിനെപ്പോലെതന്നെ ലോകത്താൽ തള്ളിപ്പറയപ്പെട്ടവരാണ് അവർ. എന്നിരുന്നാലും നമ്മുടെ പ്രത്യാശ ജീവിക്കുന്ന സുവിശേഷത്തിലാണ്. തള്ളിപ്പറയപ്പെട്ടവൻ സകലരുടെയും കർത്താവായി ഉയിർത്തെഴുന്നേറ്റു!

നമുക്കു ചുറ്റുമുള്ളവരിൽ, പ്രത്യേകിച്ച് ഏറ്റവും ചെറിയവരിൽ, യേശുവിനെ കാണാൻ നമുക്ക് സാധിക്കുന്നുണ്ടോ? നമ്മുടെ അയൽക്കാരെക്കുറിച്ച് കരുതലും നമ്മെ സഹായിച്ചവരോട് നന്ദിയും ഉള്ളവരാണോ നാം? - ഈ ചോദ്യങ്ങൾ ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് പാപ്പാ നിർദ്ദേശിച്ചു.

പരിശുദ്ധ കന്യകാമറിയത്തെപ്പോലെ വ്യർഥതയിൽ അഹങ്കരിക്കാത്തവരും ശുശ്രൂഷിക്കാൻ സന്നദ്ധതയുള്ളവരുമായിത്തീരാൻ നമുക്കു പ്രാർഥിക്കാം എന്ന് ആഹ്വാനം ചെയ്ത് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ചദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.