'എല്ലാവര്‍ക്കും സഹായമെത്തിക്കാനാവില്ല': ഓസ്ട്രേലിയന്‍ പൗരന്മാര്‍ എത്രയും വേഗം ലെബനന്‍ വിടണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

'എല്ലാവര്‍ക്കും സഹായമെത്തിക്കാനാവില്ല': ഓസ്ട്രേലിയന്‍ പൗരന്മാര്‍ എത്രയും വേഗം ലെബനന്‍ വിടണമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

കാന്‍ബറ: ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയതിന് പിന്നാലെ ഓസ്ട്രേലിയന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് അവിടം വിടണമെന്ന മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍. മിഡില്‍ ഈസ്റ്റില്‍ രൂക്ഷമാകുന്ന സംഘര്‍ഷങ്ങളില്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് ആശങ്ക പ്രകടിപ്പിച്ചതായും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ശത്രുത സാധാരണക്കാരെ അപകടത്തിലാക്കുന്നുവെന്ന് അവര്‍ എക്സില്‍ പോസ്റ്റ് ചെയ്തു.

'ലെബനനിലെ സുരക്ഷാ സ്ഥിതി അതിവേഗം വഷളായേക്കാം. വാണിജ്യ വിമാനങ്ങള്‍ ലഭ്യമാകുമ്പോള്‍ ലെബനനിലെ ഓസ്ട്രേലിയക്കാര്‍ ഉടന്‍ അവിടം വിടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. എല്ലാവര്‍ക്കും സഹായം നല്‍കാനുള്ള സര്‍ക്കാരിന്റെ കഴിവിന് അപ്പുറമാണ് ലെബനനിലെ ഓസ്ട്രേലിയക്കാരുടെ എണ്ണമെന്നും വോങ് പറഞ്ഞു.

ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ഒക്ടോബര്‍ ഏഴ് മുതല്‍ നിലവിലുണ്ട്. എന്നാല്‍, സാമാന്യബുദ്ധിയെ ധിക്കരിച്ച് നിരവധി ആളുകള്‍ ഓസ്ട്രേലിയയില്‍ നിന്ന് ലെബനനിലേക്കുള്ള യാത്ര തുടരുകയാണെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബനീസി പറഞ്ഞു.

ലെബനനില്‍ കുറഞ്ഞത് 15,000 ഓസ്ട്രേലിയക്കാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്, എന്നാല്‍ യഥാര്‍ത്ഥ കണക്ക് 30,000 വരെയാകാം. ബെയ്റൂട്ടിലെ വിമാനത്താവളത്തില്‍ നിന്ന് ഷെഡ്യൂള്‍ ചെയ്ത പകുതിയോളം വിമാനങ്ങള്‍ ചൊവ്വാഴ്ച റദ്ദാക്കിയത് ഒഴിപ്പിക്കല്‍ ശ്രമങ്ങളെ സങ്കീര്‍ണമാക്കി.

ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ഞൂറു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആയിരത്തി അറുന്നൂറോളം പേര്‍ക്കെങ്കിലും മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓസ്ട്രേലിയ വീണ്ടും മുന്നറിയിപ്പ് നല്‍കിയത്.

ലെബനനിലുള്ള ഓസ്ട്രേലിയക്കാരെ എത്രയും വേഗം മടക്കികൊണ്ടുവരാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പെന്നി വോങ്ങ് അറിയിച്ചു. അതേസമയം, എന്നാല്‍ എല്ലാവര്‍ക്കും സഹായമെത്തിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും ഏറെ നാളായി ലെബനനിലുള്ള ഓസ്ട്രേലിയക്കാര്‍ക്ക് സര്‍ക്കാര്‍ തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും പെന്നി വോങ് പറഞ്ഞു.

ഏറ്റവും ആദ്യം ലഭിക്കുന്ന വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി പറഞ്ഞു.

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള ഉന്നത മിലിറ്ററി കമാന്‍ഡര്‍ ഫുവാദ് ഷുക്ര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ലെബനനിലേക്ക് പോകരുതെന്ന് പൗരന്മാരോട് ആവശ്യപ്പെട്ട രാജ്യങ്ങളില്‍ ഓസ്ട്രേലിയയ്ക്കു പുറമെ ഇന്ത്യയും കാനഡയും ഉള്‍പ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.