എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍; ആര്‍എസ്എസ് നേതാവിന് നോട്ടീസ്

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍; ആര്‍എസ്എസ് നേതാവിന് നോട്ടീസ്

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ഒടുവില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവം ഡിജിപി നേരിട്ട് അന്വേഷിക്കും. ഇതിന്റെ ഭാഗമായി ആര്‍എസ്എസ് നേതാവ് എ. ജയകുമാറിന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം നോട്ടീസ് നല്‍കി. എഡിജിപിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ദത്താത്രേയ ഹൊസബലെ-എഡിജിപി കുടിക്കാഴ്ചയിലെ സാക്ഷിയെന്ന നിലയിലാണ് എ. ജയകുമാറിന് നോട്ടീസ് അയച്ചിരിക്കുന്നത്. പൊലീസ് തലപ്പത്തെ രണ്ടാമന്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എഡിജിപിക്കെതിരെ നടപടി എടുക്കാത്തതില്‍ എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

2023 മെയ് 22 നാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയുമായി തൃശൂരില്‍ കൂടിക്കാഴ്ച നടത്തിയത്. 2023 ജൂണ്‍ രണ്ടിന് മറ്റൊരു ആര്‍എസ്എസ് നേതാവ് റാം മാധവുമായും എഡിജിപി കൂടിക്കാഴ്ച നടത്തിയിരുന്നു.

പത്ത് ദിവസത്തെ ഇടവേളയിലാണ് രണ്ട് കൂടിക്കാഴ്ചകള്‍ നടന്നത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ അജിത് കുമാര്‍ സന്ദര്‍ശിച്ചതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് കെ. ജയകുമാറാണ്.

സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് ദത്താത്രേയ ഹൊസബലെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അജിത് കുമാര്‍ നല്‍കിയ വിശദീകരണം.

എം.ആര്‍ അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തതില്‍ ഇടത് മുന്നണിയിലെ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രതിപക്ഷം ശക്തമായ ആയുധമായി ഉപയോഗിക്കുന്നുണ്ട്. ഇതിനിടെയാണ് എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.