'പി. ശശിക്കെതിരെ അന്വേഷണമില്ല; എഡിജിപിയെ തിരക്കിട്ട് മാറ്റേണ്ട': അന്‍വറിനെ പൂര്‍ണമായി തള്ളി മുഖ്യമന്ത്രിയുടെ വഴിയെ തന്നെ സിപിഎം

'പി. ശശിക്കെതിരെ അന്വേഷണമില്ല; എഡിജിപിയെ തിരക്കിട്ട് മാറ്റേണ്ട': അന്‍വറിനെ പൂര്‍ണമായി തള്ളി മുഖ്യമന്ത്രിയുടെ വഴിയെ തന്നെ സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ പി.വി അന്‍വറിനെ പൂര്‍ണമായി തള്ളി സിപിഎം. നിലമ്പൂരില്‍ നിന്നുള്ള ഇടത് എംഎല്‍എ കൂടിയായ പി.വി അന്‍വര്‍ ഉന്നയിച്ച പരാതികളില്‍ പി. ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം വേണ്ടെന്നാണ് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം.

എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് തിരക്കിട്ട് മാറ്റേണ്ടെന്നും യോഗം തീരുമാനിച്ചു. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും ലഭിച്ച ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം.

കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയല്ലോ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചര്‍ച്ചയില്‍ ഔദ്യോഗിക വിശദീകരണം വന്നത്. തൃശൂര്‍ പൂരം കലക്കല്‍ സംഭവത്തില്‍ ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശക്ക് അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കും.

വിജിലന്‍സ് അന്വേഷണവും ഡിജിപിയുടെ നേതൃത്വത്തില്‍ മറ്റൊരു അന്വേഷണവും എഡിജിപിക്കെതിരെ നടക്കുന്നതിനാല്‍ ഇതിന്റെയെല്ലാം റിപ്പോര്‍ട്ട് വന്ന ശേഷം അത് പരിശോധിച്ച് ആവശ്യമെങ്കില്‍ എഡിജിപിയെ മാറ്റാമെന്നാണ് പാര്‍ട്ടി തീരുമാനം.

തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണം പ്രഖ്യാപിക്കുമെന്ന സൂചന ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയിരുന്നു. പൂരം കലക്കലില്‍ ശക്തമായ നടപടി വേണമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ടു. എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ശുപാര്‍ശ പരിഗണിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

പൂരം കലക്കലില്‍ എഡിജിപിയുടെ റിപ്പോര്‍ട്ട് ഡിജിപിയുടെ കവറിങ് ലെറ്ററോടെ കിട്ടിയെന്ന് മുഖ്യമന്ത്രിയാണ് ആദ്യം മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു സംഭവത്തിന്റെ ഗൗരവം കൂടിയെന്ന നിലയ്ക്ക് സിപിഐയുടെ രാഷ്ട്രീയ നിലപാട് റവന്യു മന്ത്രി കാബിനറ്റില്‍ ഉന്നയിച്ചത്.

എഡിജിപിയുടെ അന്വേഷണം പ്രഖ്യാപിച്ച സമയത്തെക്കാള്‍ സ്ഥിതി മാറിയെന്ന് കെ. രാജന്‍ പറഞ്ഞു. പൂരം കലക്കലിന്റെ ഗൗരവം കൂടിയെന്നും ശക്തമായ അന്വേഷണവും നടപടിയും വേണമെന്നും അദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ കൂടി അറിഞ്ഞ് തുടര്‍ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

എഡിജിപിയെ പൂര്‍ണമായും സംശയ നിഴലില്‍ നിര്‍ത്തിയുള്ള ഡിജിപിയുടെ ശുപാര്‍ശയിലാണ് വീണ്ടും അന്വേഷണത്തിന് വഴി തുറക്കുന്നത്. സ്ഥലത്തുണ്ടായിട്ടും അജിത് കുമാര്‍ എന്ത് ചെയ്തു, എന്ത് കൊണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ അഞ്ച് മാസമെടുത്തു എന്ന ചോദ്യമാണ് ഡിജിപി ഉന്നയിച്ചത്.

സിപിഐയും പ്രതിപക്ഷവും ഉയര്‍ത്തുന്ന സംശയങ്ങള്‍ പൊലീസ് മേധാവി കൂടി ഉന്നയിച്ചതോടെയാണ് പുതിയ അന്വേഷണം വേണമെന്ന സ്ഥിതിയിലേക്ക് സര്‍ക്കാരും എത്തിയത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.