റോഡപകടങ്ങളില്‍ ഗുരുതര പരിക്കില്‍ നിന്ന് രക്ഷ നേടാന്‍ 'അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ഡിവൈസ്' നിര്‍ബന്ധമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

റോഡപകടങ്ങളില്‍ ഗുരുതര പരിക്കില്‍ നിന്ന് രക്ഷ നേടാന്‍ 'അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ഡിവൈസ്' നിര്‍ബന്ധമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: റോഡപകടങ്ങളുടെ തീവ്രത കുറയ്ക്കാന്‍ 'അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ഡിവൈസ്' നിര്‍ബന്ധമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപകടവും മരണവും നടക്കുന്നത് മറ്റു വാഹനങ്ങളുടെ പുറകില്‍ ഇടിച്ചാണെന്നും കണക്കുകള്‍ സഹിതം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു.

കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2022 ല്‍ 98,668 അപകടങ്ങളില്‍ 32,907 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം മറ്റു വാഹനങ്ങളുടെ വശങ്ങളിലെ ഇടിയാണ്.

ഇപ്രകാരമാണ് 2022 ല്‍ 71,146 അപകടങ്ങളും 20,357 മരണവും സംഭവിച്ചത്. നിസാരം എന്നു തോന്നാവുന്ന റിയര്‍, സൈഡ് അണ്ടര്‍ റണ്‍ പ്രൊട്ടക്ടര്‍ നിര്‍ബന്ധമാക്കണ്ടതിന്റെയും അത് കൃത്യമായി പരിപാലിക്കപ്പെടേണ്ടതിന്റെയും ആവശ്യകത ഇവിടെയാണെന്നും എംവിഡി കുറിപ്പില്‍ പറഞ്ഞു.

ഉയരം കൂടിയ ഭാരവാഹനങ്ങളടക്കമുള്ള വാഹനങ്ങളിലേക്ക് പാഞ്ഞു കയറുന്ന കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് ഏറ്റവും കൂടുതല്‍ മരണത്തിന് കാരണം ആയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങളില്‍ മനുഷ്യന്റെ ശരീരമാണ് ഇത്തരം വാഹനങ്ങളുടെ ബോഡിയിലേക്ക് ഇടിക്കുക.

പാസഞ്ചര്‍ കാറുകള്‍ ആണെങ്കില്‍ അതില്‍ താരതമ്യേന സുരക്ഷ കുറവുള്ള മുന്‍പിലെ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ് മാത്രമാണ് യാത്രക്കാരുടെ ശരീരത്തിന് പരിക്ക് പറ്റുന്നത് തടയാന്‍ മുന്‍പില്‍ ഉണ്ടാവുക. ഗുരുതരമായ പരിക്കിനും മരണത്തിനും ഇത് കാരണമാകുമെന്ന് മാത്രമല്ല എയര്‍ബാഗ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും പ്രവര്‍ത്തിക്കാതെ വരും.

എയര്‍ ബാഗുകളുടെ സെന്‍സറുകള്‍ കാറിന്റെ മുന്‍പിലുള്ള ബമ്പറിന് തൊട്ടു പുറകില്‍ ആയിട്ടാണ് സ്ഥാപിക്കപ്പെടുക. ഇടിച്ചു കയറുമ്പോള്‍ ഈ ഭാഗം ഇടിച്ചാല്‍ മാത്രമേ എയര്‍ ബാഗുകള്‍ തുറക്കുകയുള്ളൂ. കാര്‍ യാത്രികര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടി ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിച്ച് നല്‍കിയിട്ടുള്ള ക്രമ്പിള്‍ സോണും ഫലവത്താകില്ല.

അതുകൊണ്ടാണ് റിയര്‍ അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ഡിവൈസ് 55 മുതല്‍ 70 സെന്റീ മീറ്റര്‍ വരെ ഉയരത്തില്‍ ഘടിപ്പിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം കൃത്യമായി ഉറപ്പ് വരുത്താന്‍ സാധിക്കാത്ത വിധം വാഹന സാന്ദ്രതയേറിയ നമ്മുടെ നിരത്തുകളില്‍ അതുകൊണ്ടുതന്നെ അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ഡിവൈസുകള്‍ നിര്‍ണായകമാണ്.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 124 പ്രകാരം 3.5 ടണ്ണിലധികം തൂക്കം വരുന്ന ഭാരവാഹനങ്ങള്‍ക്ക് ലാറ്ററല്‍ അണ്ടര്‍ റണ്‍ പ്രൊട്ടക്ടിവ് ഡിവൈസ് നിര്‍ബന്ധമാണ്. വാഹനങ്ങളുടെ നിര്‍മ്മാതാക്കളും ഡീലര്‍മാരും ഇത് ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്. ട്രാക്ടറും ടിപ്പര്‍ വാഹനങ്ങളും ഒഴിച്ചുള്ളവയ്ക്ക് പുറകിലെ അണ്ടര്‍ റണ്‍ പ്രൊട്ടക്ടറും നിര്‍ബന്ധമാണ്. ഐ.എസ് 14812, ഐ.എസ് 14682 എന്നീ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഇത് നിര്‍മിക്കേണ്ടത്.

ഈ അണ്ടര്‍ റണ്‍ സംരക്ഷണം ഉള്ളത് കൊണ്ട് മാത്രം ഗുരുതരമായ പരിക്കില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ട്. ഇത്തരം ഡിവൈസുകളില്‍ കാണുന്ന ഓരോ ആക്സിഡന്റ് അടയാളങ്ങളും ജീവന്‍ രക്ഷിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലുകളാവാമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.