കൊച്ചി: സഭാ തര്‍ക്കം നിലനില്‍ക്കുന്ന ആറ് പള്ളികള്‍ ഏറ്റെടുക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. എറണാകുളം, പാലക്കാട് ജില്ലകളിലെ പള്ളികള്‍ ഏറ്റെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിന് പത്ത് ദിവസത്തേക്കാണ് സ്റ്റേ.
കോടതിയലക്ഷ്യ ഹര്‍ജികളില്‍ സിംഗിള്‍ ബെഞ്ചിന്റെ ഓഗസ്റ്റ് 30 ലെ ഉത്തരവിനെതിരെ യാക്കോബായ സഭയിലെ ഫാ. കെ.കെ മാത്യൂസ് ഉള്‍പ്പെടെയാണ് അപ്പീല്‍ നല്‍കിയത്. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. അപ്പീല്‍ നിലനില്‍ക്കുമോയെന്ന വിഷയത്തില്‍ ഇരുകക്ഷികളുടെയും പ്രാഥമിക വാദം കേട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ അടുത്ത മാസം ഒന്നിന് പരിഗണിക്കാനായി മാറ്റി.
എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി, പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി, മഴുവന്നൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി, പാലക്കാട് ജില്ലയിലെ മംഗളം ഡാം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി, എരിക്കിന്‍ച്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി, ചെറുകുന്നം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി എന്നീ പള്ളികള്‍ ഏറ്റെടുക്കാനാണ് കളക്ടര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നത്.
ഈ മാസം 30 ന് മുന്‍പ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കളക്ടര്‍മാര്‍ നല്‍കണമെന്നും ഉത്തരവിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.