മുല്ലപ്പെരിയാര്‍ കേസ്: ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷി ചേര്‍ക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി ഡോ. ജോ ജോസഫ്

മുല്ലപ്പെരിയാര്‍ കേസ്: ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷി ചേര്‍ക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി ഡോ. ജോ ജോസഫ്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്ന കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് ആണ് സുപ്രീം കോടതിയില്‍ പുതിയ അപേക്ഷ ഫയല്‍ ചെയ്തത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ദൈനംദിനം വിലയിരുത്താന്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിയോട് നിര്‍ദേശിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പാര്‍ലമെന്റ് 2021 ല്‍ പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് രൂപം നല്‍കിയത്. കേന്ദ്ര ജല്‍ ശക്തി മന്ത്രാലയത്തിന്റെ കീഴിലാണ് ഡാം സുരക്ഷാ അതോറിറ്റി പ്രവര്‍ത്തിക്കുന്നത്.

അണക്കെട്ടുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിക്കാനുള്ള സാങ്കേതിക വിദഗ്ധര്‍ അടങ്ങിയതാണ് ദേശീയ ഡാം സുരക്ഷാ അതോറിറ്റി. ഈ സാഹചര്യത്തിലാണ് കേസില്‍ ഡാം സുരക്ഷാ അതോറിറ്റിയെ കൂടി കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അപേക്ഷയില്‍ ജോ ജോസഫ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാന്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നുള്ളുവെന്ന് ജോ ജോസഫ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ആരോപിക്കുന്നു. മേല്‍നോട്ട സമിതി രൂപവല്‍കരിച്ച സബ് കമ്മിറ്റി മൂന്ന് മാസം കൂടുമ്പോള്‍ മാത്രമാണ് അണക്കെട്ട് സന്ദര്‍ശിക്കുന്നത്.

ഫലത്തില്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ കൃത്യമായ സംവിധാനം ഇല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഈ സഹചര്യത്തത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ദൈനംദിനം വിലയിരുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിയോട് നിര്‍ദേശിക്കണമെന്നാണ് ഡോ. ജോ ജോസഫിന്റെ ആവശ്യം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.