ന്യൂഡല്‍ഹി: ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് സ്വന്തം താല്‍പര്യപ്രകാരമോ അവരുടെ ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്‌ക്രിയ ദയാവധം അനുവദിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍.
ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഇത്തരമൊരു വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കരടിന്മേല്‍ ആരോഗ്യമേഖലയില്‍ നിന്നുള്ളവരടക്കം ഒക്ടോബര്‍ ഇരുപതിനകം അഭിപ്രായമറിയിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം സമീപ ഭാവിയില്‍ മരണം ഉറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗമായി കരട് രേഖയില്‍ നിര്‍വചിച്ചിരിക്കുന്നത്.
72 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷവും പുരോഗതി കാണിക്കാത്ത വിധത്തിലുള്ള മസ്തിഷ്‌കാഘാതത്തെയും ഇതിന്റെ പരിധിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. മെക്കാനിക്കല്‍ വെന്റിലേഷന്‍, രക്തധമനികളുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കാനുള്ള വാസോപ്രസേഴ്സ്, ഡയാലിസിസ്, ശസ്ത്രക്രിയകള്‍, രക്തചംക്രമണം മുതലായവയെ ജീവന്‍രക്ഷാ സംവിധാനങ്ങളുടെ ഗണത്തില്‍പ്പെടുത്തി. അതിഗുരുതര രോഗാവസ്ഥയില്‍ ഇത്തരം ജീവന്‍രക്ഷാ സംവിധാനങ്ങള്‍ പലപ്പോഴും പ്രയോജനകരമല്ലാത്തതും രോഗികള്‍ക്ക് ബാധ്യത സൃഷ്ടിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ ദയാവധം അനുയോജ്യമാണെന്നാണ് മന്ത്രാലയത്തിന്റെ നിഗമനം.
കരടിലെ പ്രധാന നിര്‍ദേശങ്ങള്‍:
* ജീവന്‍രക്ഷാ സംവിധാനം കൊണ്ട് രോഗിക്ക് പ്രയോജനവുമുണ്ടാകാതിരിക്കുകയും അത് രോഗിയുടെ അന്തസിനെ ഹനിക്കുന്ന തരത്തില്‍ വേദനയായി മാറുകയും ചെയ്താല്‍ രോഗിയുടെ താല്‍പര്യാര്‍ഥം ജീവന്‍ രക്ഷാ സംവിധാനം ഡോക്ടര്‍ക്ക് പിന്‍വലിക്കാം
* ഒരാള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചാലോ, ഏറ്റവും തീവ്രമായ ചികിത്സകൊണ്ട് ഫലമില്ലാത്താവിധം രോഗാവസ്ഥ മൂര്‍ച്ഛിച്ചാലോ, ഈയൊരവസ്ഥ തിരിച്ചറിഞ്ഞ് രോഗിയോ ബന്ധുവോ സമ്മതമറിയിച്ചാലോ ദയാവധമാകാം
* തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം ഹൃദയാഘാതം സംഭവിച്ചാല്‍ ഡോക്ടര്‍മാര്‍ക്ക് ഉചിതമെന്ന് തോന്നുന്നെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാതിരിക്കാം
* പ്രായപൂര്‍ത്തിയായ രോഗിക്ക് തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ജീവന്‍രക്ഷാ സഹായം വേണ്ടെന്നുവെയ്ക്കാനുള്ള തീരുമാനമെം എടുക്കാമെന്ന് സുപ്രീം കോടതിയുടെ നിയമാവലിയുണ്ട്
* സ്വന്തമായി തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്ത രോഗികളുടെ കാര്യത്തില്‍ ഏറ്റവും കുറഞ്ഞത് മൂന്ന് ഡോക്ടര്‍മാരെങ്കിലും ഉള്‍പ്പെട്ട പ്രാഥമിക മെഡിക്കല്‍ ബോര്‍ഡ് രൂപവല്‍ക്കരിച്ച് സമവായമനുസരിച്ച് ജീവന്‍രക്ഷാ സംവിധാന കാര്യത്തില്‍ തീരുമാനമെടുക്കാം
* പ്രാഥമിക മെഡിക്കല്‍ ബോര്‍ഡ് രോഗിയുടെ അവസ്ഥ സംബന്ധിച്ച് ബന്ധുവിനെ വിശദമായി ധരിപ്പിക്കണം
* പ്രാഥമിക മെഡിക്കല്‍ ബോര്‍ഡ് കൈക്കൊള്ളുന്ന തീരുമാനം വേറെ മൂന്ന് ഫിസിഷ്യന്മാരടങ്ങിയ സെക്കന്‍ഡറി മെഡിക്കല്‍ബോര്‍ഡ് പരിശോധിച്ച് ശരിയായ തീരുമാനമാണോയെന്ന് ഉറപ്പുവരുത്തണം
* ഈ ബോര്‍ഡിലെ ഒരു ഡോക്ടറെ ജില്ലാതല ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിയമിക്കണം
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.