ഇസ്രയേലിന് നേരെയുണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണവും തിരിച്ചടി നല്‍കുമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പും പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കിയിരിക്കുകയാണ്. ഇറാന്റെ മിസൈല്‍ ആക്രമണത്തെ അപലപിച്ച അമേരിക്കയും ബ്രിട്ടനും ഇസ്രയേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തിന് പിന്തുണയുമായി നെതന്യാഹുവിനൊപ്പമുണ്ട്.
ഇറാനുമായി അടുത്തയിടെ വ്യാപാര ബന്ധം ഊര്‍ജിതമാക്കിയ ഇന്ത്യ ഈ വിഷയത്തില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണ നല്‍കാതെ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കാനാണിട. ഇറാനെ പിന്തുണയ്ക്കുമെന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്. ഉക്രെയ്ന്‍ ആക്രമണത്തില്‍ ബാലിസ്റ്റിക് മിസൈലുകളടക്കം നല്‍കി റഷ്യയ്ക്കൊപ്പം നിലകൊള്ളുന്ന ഇറാനെ പുടിന്‍ തള്ളാനുള്ള സാധ്യതയും കുറവാണ്.
മാത്രമല്ല, ഇറാന്റെ പിന്തുണയോടെ ഇസ്രയേലിനെതിരെ ഏറ്റുമുട്ടല്‍ തുടരുന്ന ഗാസയിലെ ഹമാസും പാലസ്തീന്‍ ഇസ്ലാമിക് ജിഹാദും ലെബനനിലെ ഹിസ്ബുള്ളയും യെമനിലെ ഹൂതികളും ഇറാനൊപ്പം കട്ടയ്ക്ക് നിലകൊള്ളുന്നുണ്ട്. ഇസ്രയേല്‍-ഇറാന്‍ പോരാട്ടം കനത്താല്‍ ആദ്യം രൂപപ്പെടുന്ന രണ്ട് വ്യത്യസ്ത ചേരി ഇപ്രകാരമായിരിക്കും. യുദ്ധം ശക്തമായാല്‍ കൂടുതല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രയേലിനൊപ്പവും ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഇറാനൊപ്പവും ചേരാം.
ആരാണ് ശക്തര്‍?... ഇസ്രയേലോ, ഇറാനോ?
ആയുധ ശേഖരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും സൈനിക ശക്തിയില്‍ ഇറാനാണ് മുന്നില്‍. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇറാന്റെ സായുധ സേനയാണ് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സേന. കുറഞ്ഞത് 5,80,000 സജീവ ഭടന്‍മാരും ഏകദേശം രണ്ട് ലക്ഷത്തിലധികം പരിശീലനം ലഭിച്ച റിസര്‍വ് ഉദ്യോഗസ്ഥരും പരമ്പരാഗത സൈന്യത്തിലും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിലുമായുണ്ട്.
അതേസമയം ഇസ്രയേലിന് സൈന്യത്തിലും നാവിക സേനയിലും അര്‍ധ സൈനിക വിഭാഗത്തിലുമായി 1,69,500 സജീവ സൈനികരാണുള്ളത്. 4,65,000 പേര്‍ റിസര്‍വ് സൈനികരാണ്. അര്‍ധ സൈനിക വിഭാഗത്തിന്റെ ഭാഗമായി മറ്റൊരു 8000 പേരുമുണ്ട്.
ഇരു രാജ്യങ്ങളുടെയും സൈനിക ശക്തി താരതമ്യം ചെയ്യുമ്പോള്‍ രണ്ട് രാജ്യങ്ങളിലെയും ജനസംഖ്യയും പരാമര്‍ശിക്കേണ്ടതുണ്ട്. ഇസ്രയേലിനേക്കാള്‍ പത്തിരട്ടി അധികമാണ് ഇറാന്റെ ജനസംഖ്യ. ഗ്ലോബല്‍ ഫയര്‍ പവറിന്റെ 2024 സൂചിക പ്രകാരം ഇറാന്റെ ജനസംഖ്യ 8,75,90,873 ആണ്. എന്നാല്‍ ഇസ്രയേലിന്റേത് 90,43,387 മാത്രവും.
പക്ഷേ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇസ്രയേലാണ് കൂടുതല്‍ തുക ചെലവാക്കുന്നത്. ഗ്ലോബല്‍ ഫയര്‍ പവര്‍ സൂചിക പ്രകാരം ഇസ്രയേലിന്റെ പ്രതിരോധ ബജറ്റ് 24 ബില്യണ്‍ ഡോളറാണ്. ഇറാന്റേത് 9.95 ബില്യണ്‍ ഡോളറും.
മനുഷ്യ ശക്തിയില്‍ ഇറാന്‍ ഇസ്രയേലിനെ മറികടക്കുമെങ്കിലും ആയുധ ശേഖരത്തില്‍ ഇസ്രയേലാണ് മുന്നില്‍. വ്യോമ സൈനിക ശക്തിയില്‍ കരുത്തരാണ് ഇസ്രയേല്‍. ഗ്ലോബല്‍ ഫയര്‍ പവര്‍ സൂചിക പ്രകാരം ഇസ്രയേലിന് സ്വന്തമായി 612 വിമാനങ്ങളാണുള്ളത്. ഇറാന്റെ പക്കലുള്ളത് 551 ഉം.
എഫ്-15, എഫ്-16, എഫ്-35 തുടങ്ങിയ അത്യാധുനിക യുദ്ധ വിമാനങ്ങള്‍ ഇസ്രയേലിന്റെ വ്യോമ സേനയില്‍ ഉള്‍പ്പെടുന്നു. അയണ്‍ ഡോം, ഡേവിഡ്സ് സ്ലിങ്, ആരോ പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇസ്രയേലിനുണ്ട്.
എന്നാല്‍ മിസൈല്‍ ശേഖരത്തില്‍ ഇറാനാണ് കേമന്‍. പശ്ചിമേഷ്യയില്‍ ഏറ്റവുമധികം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമുള്ളത് ഇറാന്റെ ആയുധ ശേഖരങ്ങളിലാണെന്ന് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതില്‍ ക്രൂയിസ് മിസൈലുകളും ആന്റി ഷിപ്പ് മിസൈലുകളും 2,000 കിലോ മീറ്റര്‍ വരെ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെടുന്നു. ഇസ്രയേല്‍ ഉള്‍പ്പെടെ ഏത് ലക്ഷ്യത്തിലും ചെന്നെത്താനുള്ള ശേഷിയും ദൂര പരിധിയും ഇവയ്ക്കുണ്ട്.
കര ശക്തിയിലും ഇറാനാണ് മുന്നില്‍. ഇസ്രയേലിന്റെ കൈവശം 1,370 ടാങ്കുകളുള്ളപ്പോള്‍ ഇറാന് 1,996 ടാങ്കുകളുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച രീതിയില്‍ രൂപകല്‍പന ചെയ്യപ്പെട്ടതും ആയുധ ശേഖരവുമുള്ള ടാങ്കുകളാണ് ഇസ്രയേലിനുള്ളത്.
യുദ്ധക്കപ്പലുകളുടെ എണ്ണത്തിലും ഇറാന് മുന്‍തൂക്കമുണ്ട്. ഇസ്രയേലിന് 67 എണ്ണമുളളപ്പോള്‍ ഇറാന് 101 യുദ്ധക്കപ്പലുകളുണ്ട്. കൂടാതെ 19 അന്തര്‍ വാഹിനികളുമുണ്ട്. ഇസ്രയേലിന് ആകെ അഞ്ച് അന്തര്‍വാഹിനികളാണുള്ളത്.
എന്നാല്‍ ആണവ ശക്തിയില്‍ ഇസ്രയേലാണ് കരുത്തര്‍. സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇസ്രയേലിന് ഏകദേശം 80 ആണവായുധങ്ങളുണ്ട്.
മാത്രമല്ല, യുദ്ധ തന്ത്രങ്ങള്‍ മെനയുന്നതിലും തങ്ങളുടെ ഓപ്പറേഷന്‍ ഞൊടിയിടയില്‍ നടപ്പാക്കുന്നതിലും ഇസ്രയേലിനൊപ്പം വരുന്ന മറ്റൊരു രാജ്യവുമില്ല എന്നതും അവരുടെ കരുത്താണ്.
അതേസമയം തങ്ങള്‍ക്ക് ആണവായുധങ്ങള്‍ ഇല്ലെന്നാണ് ഇറാന്റെ അവകാശ വാദമെങ്കിലും യുറേനിയം സമ്പുഷ്ടീകരണം ധാരാളമായി നടക്കുന്ന രാജ്യത്ത് ആണവായുധങ്ങളുണ്ടന്നാണ് അന്താരാഷ്ട്ര യുദ്ധ നിരീക്ഷകരുടെ അനുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.