കോണ്‍ഗ്രസിനേറ്റ അപ്രതീക്ഷിത തിരിച്ചടിയിലും രാഷ്ട്രീയ ഗോദയില്‍ വിനേഷ് ഫോഗട്ടിന് പോരാട്ട വിജയം; താരത്തെ ചേര്‍ത്ത് പിടിച്ച് ജുലാനയിലെ ജനം

കോണ്‍ഗ്രസിനേറ്റ അപ്രതീക്ഷിത തിരിച്ചടിയിലും രാഷ്ട്രീയ ഗോദയില്‍ വിനേഷ് ഫോഗട്ടിന് പോരാട്ട വിജയം; താരത്തെ ചേര്‍ത്ത് പിടിച്ച് ജുലാനയിലെ ജനം

ചണ്ഡീഗഡ്: ഹരിയാനയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ നിഷ്പ്രഭമാക്കി ബിജെപി ഹാട്രിക് അടിച്ചപ്പോഴും കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ സ്ഥാനാര്‍ത്ഥിയും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടിനെ രാഷ്ട്രീയ ഗോദയില്‍ പരാജയപ്പെടുത്താന്‍ ബിജെപിക്കായില്ല.

ഒളിമ്പിക്‌സില്‍ അയോഗ്യയായെങ്കിലും തിരഞ്ഞെടുപ്പ് ഗോദയില്‍ ജുലാന മണ്ഡലത്തില്‍ നിന്നും തിളങ്ങുന്ന വിജയ നേട്ടത്തോടെയാണ് വിനേഷ് ഫോഗട്ട് ഹരിയാന നിയമസഭയിലെത്തുന്നത്. ബിജെപിയുടെ യോഗേഷ് കുമാറിനെയാണ് ജുലാനയില്‍ വിനേഷ് മലര്‍ത്തിയടിച്ചത്.

റെയില്‍വേയിലെ ജോലി രാജിവച്ചാണ് വിനേഷ് രാഷ്ട്രീയ നേതാവിന്റെ കുപ്പായമിട്ടത്. ആ തീരുമാനം തെറ്റിയില്ല. ജുലാനയിലെ ജനം വിനേഷിന്റെ കൈ ചേര്‍ത്തു പിടിച്ചു. കര്‍ഷക പിന്തുണയും പാരിസ് ഒളിംപിക്‌സില്‍ ഉണ്ടായ തിരിച്ചടിയും വിനേഷിന് തിരഞ്ഞെടുപ്പില്‍ അനുകൂല ഘടകമായി.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നില മാറിമറിഞ്ഞ മത്സരമായിരുന്നു ജുലാനയിലേത്. എന്നാല്‍ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തില്‍ മുന്നോട്ട് കുതിച്ച വിനേഷ് അവസാന രണ്ട് റൗണ്ട് വോട്ടുകള്‍ എണ്ണാന്‍ ശേഷിക്കെ തന്നെ വിജയം ഉറപ്പിക്കുകയായിരുന്നു. ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങളില്‍ നേതൃനിരയില്‍ നിന്ന് പോരാടിയ വിനേഷ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം നേരിട്ടിരുന്നു.

മാത്രമല്ല, ഡല്‍ഹിയിലെ തെരുവില്‍ വിനേഷടക്കുള്ള ഗുസ്തി താരങ്ങളെ വലിച്ചിഴയ്ക്കുന്നതും ലോകം കണ്ടതാണ്. ഒളിമ്പിക്‌സില്‍ നിന്ന് അയോഗ്യയായതോടെ ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ട് പിന്നാലെ കോണ്‍ഗ്രസില്‍ ചേരുകയും ഹരിയാനയില്‍ നിന്ന് മത്സരിക്കുന്നതായി പ്രഖ്യാപിക്കുകയുമായിരുന്നു.

ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ ചരണ്‍ സിങിനെതിരായിരുന്നു ഗുസ്തിതാരങ്ങളുടെ പോരാട്ടം. വിനേഷിന്റെ പരാജയത്തെ രാജ്യം നോക്കിക്കണ്ടതും ഈ പശ്ചാത്തലത്തിലാണ്.

അയോഗ്യയായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിനേഷിന് ജനം വലിയ സ്വീകരണം നല്‍കി. ഹരിയാന ഇരു കൈയും നീട്ടി സ്വീകരിച്ചു. കണ്ണുനിറഞ്ഞാണ് അന്ന് വിനേഷ് ജനങ്ങള്‍ക്ക് നേരെ കൈവീശിയത്.

ഒളിംപിക്‌സില്‍ ഫോഗട്ട് വഞ്ചന കാണിച്ചുവെന്നായിരുന്നു ബ്രിജ്ഭൂഷന്‍ അന്ന് പ്രതികരിച്ചത്. എന്നാല്‍ 'ബ്രിജ്ഭൂഷണ്‍ അല്ലല്ലോ രാജ്യം, ഇവിടുത്തെ ജനങ്ങള്‍ എനിക്കൊപ്പമാണ്, അവരെന്റെ സ്വന്തമാണ്. ബ്രിജ്ഭൂഷണ്‍ എന്നൊരാള്‍ ഉള്ളതായി പോലും ഞാന്‍ കണക്കാക്കുന്നില്ല' എന്നായിരുന്നു വിനേഷിന്റെ മറുപടി. താരത്തിന്റെ വിശ്വാസം തെറ്റിയില്ല. ജനം വിനേഷിനെ ചേര്‍ത്തു നിര്‍ത്തി രാഷ്ട്രീയത്തില്‍ സ്വര്‍ണ മെഡലും സമ്മാനിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.