ഇവിഎം ക്രമക്കേട്: ഹരിയാനയില്‍ 20 മണ്ഡലങ്ങളിലെ ഫലം മരവിപ്പിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

ഇവിഎം ക്രമക്കേട്: ഹരിയാനയില്‍ 20 മണ്ഡലങ്ങളിലെ ഫലം മരവിപ്പിക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഹരിയാനയില്‍ ഇരുപതോളം മണ്ഡലങ്ങളിലെ ഫലം മരവിപ്പിച്ച് പുനപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഇത്രയും മണ്ഡലങ്ങളില്‍ ഇവിഎം ക്രമക്കേടുണ്ടായതായാണ് പാര്‍ട്ടിയുടെ ആരോപണം.

ഈ സീറ്റുകളിലെ ഫലം മരവിപ്പിച്ച് പരിശോധിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. എന്നാല്‍ കോണ്‍ഗ്രസ് നിലപാടിനോട് 'ഇന്ത്യ' മുന്നണിയിലെ സഖ്യ കക്ഷികള്‍ക്ക് വിയോജിപ്പാണുള്ളത്. തോല്‍വിക്ക് കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യം കാരണമായെന്നാണ് അവരുടെ വിമര്‍ശനം.

ഹരിയാനയില്‍ വോട്ടെടുപ്പിനായി കൊണ്ടു വന്ന പല ഇവിഎമ്മുകളിലും വോട്ടെടുപ്പിന് ശേഷവും 99 ശതമാനം ബാറ്ററി ചാര്‍ജ് കാണിച്ചു എന്ന പരാതിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ ഉന്നയിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ മെഷീനുകളില്‍ എങ്ങനെ 99 ശതമാനം ചാര്‍ജ് കാണിക്കും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ ചോദ്യം.

നിരവധി മണ്ഡലങ്ങളില്‍ ഇത്രയും ചാര്‍ജ് കാണിച്ച മെഷീനുകളില്‍ വോട്ട് ബിജെപിക്ക് പോയെന്നും കെ.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

തോല്‍വിക്ക് കോണ്‍ഗ്രസ് ഇവിഎമ്മിനെ പഴിക്കുന്നതില്‍ പുതുമയില്ലെന്നാണ് ബിജെപിയുടെ പ്രതികരണം. അതേസമയം കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യവും മറ്റു കക്ഷികളെ അംഗീകരിക്കാത്ത നയവും തിരിച്ചടിയായെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആഞ്ഞടിച്ചു.

അമിത ആത്മ വിശ്വാസമാണ് കോണ്‍ഗ്രസിനെ തോല്‍പിച്ചതെന്ന് ശിവസേനയും പരസ്യമായി പ്രതികരിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ആം ആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് പരിശോധന നടത്തണമെന്ന് സിപിഎം പിബിയും ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.