തിരുവനന്തപുരം: നാട് നടുങ്ങിയ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷവും വയനാട് തുരങ്ക പാത നിര്‍മാണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇത് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടിയുള്ള ഫിനാന്‍ഷ്യല്‍ ബിഡ് തുറന്നു.
രണ്ട് പാക്കേജുകളിലായാണ് തുരങ്ക പാതയുടെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. വയനാട് തുരങ്ക പാത പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നല്‍കിയിരുന്നു.
പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്ത് കഴിഞ്ഞു. പദ്ധതിക്ക് വേണ്ടിയുള്ള പാരിസ്ഥിതിക അനുമതി ലഭ്യമാക്കാനുള്ള അപേക്ഷ സംസ്ഥാന തല വിദഗ്ദ്ധ സമിതിയുടെ പരിഗണനയിലാണ്.
പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി. തുരങ്ക പാതാ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സമിതി ഭാരവാഹികള്‍ വ്യക്തമാക്കി.
വലുതും ചെറുതുമായ നിരവധി ഉരുള്‍പൊട്ടലുകള്‍ നടന്ന മേഖലയിലെ മലകളാണ് തുരങ്ക പാതക്കായി തുരക്കുന്നത്. സമീപകാല ഉരുള്‍പൊട്ടലുകളില്‍ നിന്ന് സര്‍ക്കാര്‍ പാഠം പഠിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
താമരശേരി ചുരം കയറാതെ വയനാട്ടിലെത്താവുന്ന എളുപ്പ മാര്‍ഗമാണ് തുരങ്ക പാത. ഹൈവേ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പാത ആരംഭിക്കുക കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിലും അവസാനിക്കുന്നത് വയനാട് മീനാക്ഷിപ്പുഴ പാലത്തിലുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.