കേരളത്തിലെ തെരഞ്ഞെടുപ്പ് സിബിഎസ്ഇ പരീക്ഷ തിയതികള്‍ പരിഗണിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

കേരളത്തിലെ തെരഞ്ഞെടുപ്പ് സിബിഎസ്ഇ പരീക്ഷ തിയതികള്‍ പരിഗണിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷ തിയതികള്‍ പരിഗണിച്ചായിരിക്കും കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു.

ഏതുസമയത്തും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഏപ്രില്‍ 14 നു മുന്‍പ് തിരഞ്ഞെടുപ്പ് നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈസ്റ്റര്‍, വിഷു, റമദാന്‍ എന്നിവ കണക്കിലെടുത്തു വേണം തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്നും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയത് ചൂണ്ടിക്കാട്ടിയാണ് ഏപ്രില്‍ രണ്ടാം വാരത്തിനു മുന്‍പ് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സംഘം കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും പൊലീസ് മേധാവി, ജില്ലാ കലക്ടര്‍മാര്‍ എന്നിവരുമായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.

ഏപ്രില്‍ പകുതിയോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാര്‍ട്ടികള്‍ കമ്മീഷനോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മേയ് മാസത്തില്‍ മതിയെന്നാണ് ബിജെപിയുടെ നിലപാട്. ഏപ്രില്‍ എട്ടിനും 12 നും ഇടയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പ് ഒഴിവാക്കണം. വോട്ടിങ് രാവിലെ ഏഴ് മുതല്‍ അഞ്ച് വരെ മതി. സമയം നീട്ടേണ്ടതില്ലെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ തവണ മേയ് 16 നാണ്തിരഞ്ഞെടുപ്പ് നടന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. 80 വയസ്‌കഴിഞ്ഞവര്‍ക്കും കോവിഡ് രോഗികള്‍ക്കും അംഗ വൈകല്യം ഉള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കുമ്പോള്‍ അത് വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ബിജെപി കമ്മീഷനെ അറിയിച്ചു. കേന്ദ്രസേന പ്രശ്നബാധിത ബൂത്തുകളില്‍ രണ്ടാഴ്ച മുന്‍പെങ്കിലും എത്തി നിയന്ത്രണമേറ്റെടുക്കണമെന്ന നിര്‍ദേശവും ബിജെപി മുന്നോട്ടുവച്ചു.

നിയന്ത്രണങ്ങളോടെയാണെങ്കിലും കലാശക്കൊട്ടിനു അനുമതി വേണമെന്നാണ് മുന്നണികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളവോട്ട് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു കേരളത്തിലെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിക്ക് മടങ്ങി. ഫെബ്രുവരി അവസാനത്തോടെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.