'യുദ്ധം നാളെ അവസാനിച്ചേക്കാമെന്ന് നെതന്യാഹു; ഇറാനെതിരെ വിമര്‍ശനം: സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്

'യുദ്ധം നാളെ അവസാനിച്ചേക്കാമെന്ന് നെതന്യാഹു; ഇറാനെതിരെ വിമര്‍ശനം: സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്

ടെല്‍ അവീവ്: ഹമാസ് ആയുധം ഉപേക്ഷിച്ച് ബന്ദികളെ തിരിച്ചയച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് തലവന്‍ യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് പിന്നാലെ എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

ഹമാസ്  ആയുധം വെച്ച് കീഴടങ്ങി ബന്ദികളാക്കി വെച്ചവരെ തിരികെ തരികയാണെങ്കില്‍ ഈ യുദ്ധം നാളെ അവസാനിച്ചേക്കാമെന്നും വീഡിയോ സന്ദേശത്തില്‍ അദേഹം വ്യക്തമാക്കി.

'ഇസ്രയേല്‍ ഉള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ള 101 പേരെയാണ് ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്നത്. ഇസ്രയേലികള്‍ക്കു വേണ്ടി മാത്രമല്ല, തടവിലാക്കപ്പെട്ട എല്ലാവര്‍ക്കും വേണ്ടിയാണ് ഈ പോരാട്ടം.

അവരെയെല്ലാം തിരികെ സുരക്ഷിതമായി അവരുടെ വീടുകളില്‍ എത്തിക്കുവാനായി ഇസ്രയേലിന്റെ ശക്തിയുപയോഗിച്ച് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. അതിന് ഞാന്‍ ബാധ്യസ്ഥനാണ്. അവരുടെ സുരക്ഷയ്ക്കാണ് ഇസ്രയേല്‍ ഗ്യാരണ്ടി നല്‍കുന്നത്'- നെതന്യാഹു പറഞ്ഞു.

ഇറാന്‍ പടുത്തുയര്‍ത്തിയ ഭീകര വാദത്തിന്റെ അച്ചുതണ്ട് നമ്മുടെ കണ്‍മുന്നില്‍ വെച്ച് തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസ്രള്ളയെ തീവ്രവാദ മുഖത്ത് നിന്നും തുടച്ചു നീക്കിയതെങ്ങനെയെന്നും നെതന്യാഹു സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഇറാന്‍ അടിച്ചേല്‍പിച്ച ഭീകരതയുടെ വാഴ്ച്ച ഇറാഖിലും സിറിയയിലും ലെബനനിലും യെമനിലും തുടരുകയാണെന്നും അതിനെല്ലാം അന്ത്യമുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

അതിനിടെ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ച് 20 മണിക്കൂറിന് ശേഷം മരണ വാര്‍ത്ത ഹമാസും സ്ഥിരീകരിച്ചു. 'ഗാസയില്‍ ഇസ്രയേല്‍ സൈന്യത്താല്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടു'- ഹമാസ് വക്താവ് ഖാലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.