14 പേരെ വിശുദ്ധരായി നാമകരണം ചെയ്തു; സ്വന്തം മഹത്വം അന്വേഷിക്കാതെ ദൈവ മഹത്വത്തിനായി ജീവിച്ച അവരെ മാതൃകയാക്കാൻ മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

14 പേരെ വിശുദ്ധരായി നാമകരണം ചെയ്തു; സ്വന്തം മഹത്വം അന്വേഷിക്കാതെ ദൈവ മഹത്വത്തിനായി ജീവിച്ച അവരെ മാതൃകയാക്കാൻ മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: വിശ്വാസത്തിനു വേണ്ടി ജീവൻ ത്യജിച്ച ഡമാസ്കസിലെ 11 രക്തസാക്ഷികളുൾപ്പെടെ 14 പേർ ഇനി വിശുദ്ധരുടെ ഗണത്തിൽ. കത്തോലിക്കാ സഭ ആഗോള മിഷൻ ഞായർ ദിനമായി ആചരിച്ച ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ഭക്തിസാന്ദ്രമായ തിരുകർമ്മങ്ങൾക്കിടെയാണ് ഫ്രാൻസിസ് മാർപാപ്പ ഇവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയത്. സേവനമാണ് യേശുവിൻ്റെ വഴി എന്നും ഈ വിശുദ്ധർ ആ വഴിയിൽ ജീവിച്ചവരാണെന്നും വിശുദ്ധ കുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.

19-ാം നൂറ്റാണ്ടിൽ സിറിയയിൽ ക്രൈസ്തവ വിശ്വാസത്തെപ്രതി കൊല്ലപ്പെട്ട ഫാ. ഇമ്മാനുവൽ റൂയിസും അദ്ദേഹത്തിന്റെ ആശ്രമത്തിലെ അംഗങ്ങളയിരുന്ന ഏഴ് ഫ്രാൻസിസ്കൻ സന്യാസികളും കൂടെയുണ്ടായിരുന്ന മൂന്ന് അല്മായരുമാണ് 'ഡമാസ്കസിലെ രക്തസാക്ഷികൾ' എന്നറിയപ്പെടുന്നത്. ഇവർക്കൊപ്പം മൂന്ന് സന്യാസ സമൂഹങ്ങളുടെ സ്ഥാപകരായ ഫാ. ജോസഫ് അല്ലമാനോ, സിസ്റ്റർ മാരി ലിയോണി പാരഡിസ്, സിസ്റ്റർ എലീന ഗ്യൂറ എന്നിവരുമാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടത്.

ഈ പുതിയ വിശുദ്ധർ ഓരോരുത്തരും വീരോചിതമായ പുണ്യത്തിന്റെ ഉത്തമ മാതൃകകളാണെന്നും തങ്ങൾക്കു ലഭിച്ച ദൈവവിളിക്ക് അനുസൃതമായി ജീവിച്ച് വിശുദ്ധിയ്ക്ക് സാക്ഷ്യം വഹിച്ചവരാണെന്നും പാപ്പ പറഞ്ഞു. ഈ വിശുദ്ധർ യേശുവിനെപ്പോലെ മറ്റുള്ളവരെ സേവിച്ചു.

ലൗകിക മോഹങ്ങളും അധികാര താല്പര്യങ്ങളും ഉപേക്ഷിച്ച് അവർ തങ്ങളെത്തന്നെ തങ്ങളുടെ സഹോദരങ്ങളുടെ എളിയ സേവകരാക്കി. പ്രതിസന്ധികളിൽ തളരാതെ നന്മ ചെയ്യുന്നതിൽ അവർ ഉറച്ചുനിന്നു. അവസാനം വരെ അവർ ഉദാരമതികളുമായിരുന്നു. മഹത്വം അന്വേഷിക്കാതെ ശുശ്രൂഷിക്കാനുള്ള യേശുവിന്റെ ക്ഷണമാണ് അവർ തങ്ങളുടെ ജീവിതസാക്ഷ്യത്തിലൂടെ ക്രൈസ്തവർക്ക് നൽകുന്നതെന്ന് മാർപാപ്പ പറഞ്ഞു.

'ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾക്ക് കുടിക്കാൻ കഴിയുമോ?'

തുടർന്ന്, മർക്കോസിന്റെ സുവിശേഷത്തിൽ നിന്നുള്ള അന്നത്തെ വായനയെ ആധാരമാക്കി പരിശുദ്ധ പിതാവ് ധ്യാന ചിന്തകൾ പങ്കുവച്ചു. തന്റെ ശിഷ്യന്മാരായ യാക്കോബിനോടും യോഹന്നാനോടും യേശു ചോദിച്ച രണ്ടു ചോദ്യങ്ങളെക്കുറിച്ച് നാം ആഴമായി ധ്യാനിക്കണമെന്ന് മാർപാപ്പ പറഞ്ഞു. 'നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്തുചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാൻ നിങ്ങള്‍ക്കു കഴിയുമോ?' ഈ ചോദ്യങ്ങൾ നമ്മുടെ മറഞ്ഞിരിക്കുന്ന ആഗ്രഹങ്ങളിലേക്കും സ്വാർത്ഥ താൽപര്യങ്ങളിലേക്കും വെളിച്ചം വീശുകയും യേശുവുമായുള്ള ആഴമായ ബന്ധത്തിലേക്ക് നമ്മെ ക്ഷണിക്കുകയും ചെയ്യുന്നവയാണെന്ന് പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു.

യാക്കോബും യോഹന്നാനും വിശ്വസ്തരായ ശിഷ്യരായിരുന്നു. എങ്കിലും അവർ യേശുവിനെ സമീപിച്ചത് ലൗകിക മഹത്വവും അധികാരത്തിൻ്റെ പ്രതാപവും തേടിയായിരുന്നു. ശക്തിയിലും പ്രഭാവത്തിലും വാഴുന്ന മിശിഹായെ സങ്കൽപ്പിച്ചുകൊണ്ടാണ് അവൻ്റെ ഇടത്തും വലത്തുമുള്ള സ്ഥാനങ്ങൾ അവർ ആഗ്രഹിച്ചത്. എന്നാൽ അവരുടെ വാക്കുകള്‍ക്ക് പിന്നിൽ മറഞ്ഞിരുന്ന നിഗൂഢമായ ആഗ്രഹങ്ങൾ വെളിപ്പെടുത്താനാണ് യേശു അവരോട് ഈ ചോദ്യങ്ങൾ ചോദിക്കുന്നത്. മാനുഷികമായ അഭിലാഷങ്ങൾക്കപ്പുറത്തേക്ക് നോക്കാൻ ഈ ചോദ്യങ്ങളിലൂടെ അവരെയെന്നപോലെ നമ്മെയും അവിടുന്ന് വെല്ലുവിളിക്കുന്നു.

ശുശ്രൂഷിക്കാൻ വന്ന രാജാവ്

മിശിഹാ യഥാർത്ഥത്തിൽ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും രാജാവല്ല. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനാണ് അവിടുന്ന് വന്നത്. കുരിശിൽ തന്റെ ജീവൻ അർപ്പിക്കുന്നിടത്തോളം അവിടുന്ന് ശുശ്രൂഷകനായി. ഇത് അധികാരത്തെക്കുറിച്ചുള്ള ലൗകിക സങ്കല്പങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു. അവിടുത്തെ ഇടത്തും വലത്തും സിംഹാസനങ്ങളല്ല മറിച്ച്, തന്നോടൊപ്പം അവഹേളിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്ത രണ്ടു കള്ളന്മാരായിരുന്നു ഉണ്ടായിരുന്നത്. യേശു സൂചിപ്പിച്ച പാനപാത്രം സ്നേഹത്തിന്റെയും സേവനത്തിൻ്റെയും ജീവിതത്തിനു ശേഷമുള്ള അവിടുത്തെ സഹനവും മരണമായിരുന്നു. ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതല്ല മറിച്ച്, 'ശുശ്രൂഷിക്കാൻ പഠിക്കുന്നതാണ് ശിഷ്യത്വത്തിൻ്റെ യഥാർത്ഥ പാതയെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി.

വിശുദ്ധരുടെ മാതൃക

വിശുദ്ധരായി നാമകരണം ചെയ്യപ്പെട്ട ആ 14 വിശുദ്ധരുടെയും മാതൃക ഉയർത്തിക്കാട്ടിയാണ് ഫ്രാൻസിസ് പാപ്പാ തൻ്റെ സന്ദേശം അവസാനിപ്പിച്ചത്. അവർ എല്ലാവരും ദൈവ മഹത്വത്തിനായി ജീവിച്ചവരാണ്. അവർ ഒരിക്കലും സ്വന്തം മഹത്വം അന്വേഷിച്ചവരായിരുന്നില്ല. സഹോദരീസഹോദരന്മാരെ സേവിച്ചുകൊണ്ട് അവർ തങ്ങളെത്തന്നെ അവരുടെ ശുശ്രൂഷകരാക്കി. 'സേവനത്തിന്റെ മാർഗത്തിൽ ചരിച്ചുകൊണ്ട് ക്രിസ്തുവിനെ അനുഗമിക്കാനും അങ്ങനെ ലോകത്തിനു മുമ്പിൽ പ്രത്യാശയുടെ സാക്ഷികളാകാനും അവരുടെ മാധ്യസ്ഥത്തിലൂടെ നമുക്കു പ്രാർത്ഥിക്കാം' - പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.