കണ്ണൂര്‍: മരണപ്പെട്ട നവീന്‍ ബാബു പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തല്‍. എന്‍.ഒ.സി അനുവദിക്കുന്നതില്‍ നവീന്‍ ബാബു ഫയല്‍ ബോധപൂര്‍വം വൈകിപ്പിച്ചെന്നതിനുള്ള തെളിവുകളോ മൊഴികളോ ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
തിങ്കളാഴ്ച വൈകുന്നേരത്തോടെ പൊലീസ് കണ്ണൂര്‍ കളക്ടറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഔദ്യോഗിക വസതിയിലെത്തിയായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതില്‍ ബോധപൂര്‍വം ഫയല്‍ വൈകിപ്പിച്ചു, എന്‍.ഒ.സി നല്‍കുന്നതിന് കൈക്കൂലി വാങ്ങി എന്നിവയായിരുന്നു നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. എന്നാല്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ നടത്തുന്ന വകുപ്പുതല അന്വേഷണത്തില്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. മൊഴികള്‍ എല്ലാം എ.ഡി.എമ്മിന് അനുകൂലമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഇതുവരെ മൊഴി നല്‍കിയിട്ടില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ദിവസങ്ങള്‍ പിന്നിട്ടിട്ടും പി.പി ദിവ്യയെ കണ്ടെത്താനൊ മൊഴിയെടുക്കാനോ ഇതുവരെയും പൊലീസിന് സാധിച്ചിട്ടില്ലെന്നുള്ളതും വലിയ ആരോപണങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പൊലീസ് മനപൂര്‍വം ദിവ്യയെ സഹായിക്കുകയാണെന്നാണ് ആരോപണങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.