കെട്ടുകണക്കിന് ഡോളറുകള്‍, പെര്‍ഫ്യൂമുകള്‍, യുഎന്നിന്റെ ഭക്ഷണപ്പൊതികള്‍; യഹ്യ സിന്‍വറിന്റെ ബങ്കറിനുള്ളിലെ വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍ സൈന്യം

കെട്ടുകണക്കിന് ഡോളറുകള്‍, പെര്‍ഫ്യൂമുകള്‍, യുഎന്നിന്റെ ഭക്ഷണപ്പൊതികള്‍; യഹ്യ സിന്‍വറിന്റെ ബങ്കറിനുള്ളിലെ വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍ സൈന്യം

ഗാസ: ഇസ്രയേല്‍ കൊലപ്പെടുത്തിയ ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഗാസയിലെ ബങ്കറിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്രയേലി സൈന്യം. ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയായിരുന്നു യഹ്യ സിന്‍വാര്‍ ഭൂഗര്‍ഭ ഒളിസങ്കേതത്തില്‍ കഴിഞ്ഞിരുന്നതെന്ന് ദൃശങ്ങളില്‍ കാണാം. പല റൂമുകളായി തിരിച്ചിട്ടുള്ള ബങ്കറില്‍ കെട്ടുകണക്കിന് ഡോളറുകളുള്‍പ്പെടെ കണ്ടെത്തിയിരുന്നു. ഭക്ഷണസാധനങ്ങള്‍, കുളിമുറികള്‍, പ്രവര്‍ത്തനക്ഷമമായ അടുക്കള എന്നിങ്ങനെ വന്‍സജ്ജീകരണമാണ് ബങ്കറിനകത്തുള്ളത്.

ഖാന്‍ യൂനിസിലെ യഹ്യയുടെ ബങ്കര്‍ എന്ന് അവകാശപ്പെടുന്ന ഭൂഗര്‍ഭ അറയിലെ സൗകര്യങ്ങള്‍ ഒരു ഇസ്രായേല്‍ സൈനികന്‍ നേരിട്ടു കാണിച്ച് വിവരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വിവരണം നല്‍കുന്ന സൈനികന്റെ മുഖം മായ്ച്ചിട്ടുണ്ട്.

സൈനികന്‍ ബങ്കറിനുള്ളിലൂടെ നടക്കുന്നതും ഓരോ മുറിയും കാണിച്ചു തരുന്നതും കാണാം. ഷവര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ രണ്ട് ശുചിമുറികള്‍ ദൃശ്യങ്ങളില്‍ കാണാം. ഇതിന് പിന്നാലെ, ഒരു മുറിയില്‍ അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങളും പാലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി യുഎന്‍ ദുരിദാശ്വാസ ഏജന്‍സി വിതരണം ചെയ്ത ഭക്ഷണ സാധനങ്ങളും സംഭരിച്ചിട്ടുണ്ട്.

ഭക്ഷണസാമഗ്രികളുടെ പൊതികളില്‍ യുഎന്നിന്റെ പാലസ്തീന്‍ റഫ്യൂജി ഏജന്‍സിയുടെ ലോഗോയും കാണാന്‍ കഴിയുന്നുണ്ട്. ഹമാസ് അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്ന് മോഷ്ടിക്കുന്നു എന്ന് ഇസ്രയേല്‍ ദീര്‍ഘകാലമായി ഉയര്‍ത്തുന്ന ആരോപണമാണ്. ഈ ആരോപണത്തെ ബലപ്പെടുത്തുന്നതാണ് യു.എന്‍.ആര്‍.ഡബ്ല്യു.എ. വിതരണം ചെയ്യുന്ന ഭക്ഷണം ബങ്കറിനകത്ത് കണ്ടെത്തിയതിലൂടെ വ്യക്തമാകുന്നതെന്ന് ഇസ്രയേല്‍ വാദിക്കുന്നു.

ഇതിനോടൊപ്പം യഹ്യയുടേത് എന്ന് കരുതപ്പെടുന്ന മുറിയില്‍ ദശലക്ഷക്കണക്കിന് ഡോളറുകളും കൂട്ടിവച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി പെര്‍ഫ്യൂം കുപ്പികളും മുറിയില്‍ നിരത്തിവച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നോട്ടുകള്‍ ഒരു ലോക്കറില്‍ അടുക്കിവച്ച നിലയിലും കൂട്ടിയിട്ട നിലയിലുമാണ്. ഒരു മുറിയില്‍ നിറയെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമാണ്, ഒപ്പം ആര്‍മി യൂണിഫോമുകളും കാണാനാകും.

ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ആണ് എക്സിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. റഫയിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് ഈ ബങ്കറിലാണ് സിന്‍വാര്‍ താമസിച്ചിരുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഗാസയിലെ സാധാരണക്കാരായ ആളുകളെ മനുഷ്യകവചമായി ഉപയോഗിച്ചുകൊണ്ട് സിന്‍വാന്‍ ഒരു ഭീരുവിനെ പോലെ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് എക്സില്‍ കുറിച്ചു. ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥരും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

ഒക്ടോബര്‍ 16 നാണ് ഇസ്രയേല്‍ സൈനിക നടപടിയില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.