ഉയര്‍ന്നുയര്‍ന്ന് സെഞ്ച്വറിയടിച്ച് പെട്രോള്‍ വില

ഉയര്‍ന്നുയര്‍ന്ന് സെഞ്ച്വറിയടിച്ച് പെട്രോള്‍ വില

ഭോപ്പാല്‍: ഉയര്‍ന്നുയര്‍ന്ന് രാജ്യത്ത് പെട്രോള്‍ വില 100 രൂപ തൊട്ടു. മധ്യപ്രദേശിലെ ഭോപാല്‍, അനുപ്പൂര്‍, ഷഹ്‌ദോല്‍ ജില്ലകളിലും മഹാരാഷ്ട്രയിലെ പര്‍ഭനി ജില്ലയിലുമാണ് എണ്ണവില ചരിത്രത്തിലാദ്യമായി മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിനാണ് ഈ വില.

തുടര്‍ച്ചയായ അഞ്ചാം ദിവസവും എണ്ണക്കമ്പനികള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. അനുപ്പൂരില്‍ 102 രൂപയാണ് നിലവില്‍ പ്രീമിയം പെട്രോളിന്റെ വില. സാധാരണ പെട്രോളിന് ശനിയാഴ്ച 96.37 രൂപയ്ക്കും ഡീസലിന് ലിറ്ററിന് 86.84 രൂപയ്ക്കുമാണ് വില്‍ക്കുന്നതെന്ന് പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സ്ഥിരീകരിച്ചു.

ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് ശേഷം ആറാം തവണയും ജനുവരി ഒന്നിന് ശേഷം 17 തവണയും വില ഉയര്‍ന്നു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും കൂടുതല്‍ ഇന്ധനനികുതി ഏര്‍പ്പെടുത്തുന്നത് മധ്യപ്രദേശാണ്, അതിനാലാണ് സംസ്ഥാനത്തെ ഇന്ധന വില രാജ്യത്ത് ഏറ്റവും ഉയര്‍ന്നതാകുന്നത്. പെട്രോളിന് 39 ശതമാനവും ഡീസലിന് 28 ശതമാനവുമാണ് നികുതിയും സെസുമായി മധ്യപ്രദേശ് ചുമത്തുന്നത്.

കേന്ദ്ര നികുതി പെട്രോളിന് 31 രൂപയും ഡീസലിന് 23 രൂപയുമാണ്. മഹാരാഷ്ട്രയും മധ്യപ്രദേശും ഡല്‍ഹിയുമടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രീമിയം പെട്രോളിനു പിന്നാലെ സാധാരണ പെട്രോളും ഉടന്‍ തന്നെ മൂന്നക്കം കടക്കുമെന്നാണ് സൂചന. അതിനിടെ പാചക വാതകത്തിനും എണ്ണക്കമ്പനികള്‍ വീണ്ടും വില കൂട്ടി. സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.