തിരിച്ചടിച്ച് ഇസ്രയേല്‍: ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം; ടെഹ്‌റാനില്‍ ഉള്‍പ്പെടെ ഉഗ്രസ്‌ഫോടനങ്ങള്‍

തിരിച്ചടിച്ച് ഇസ്രയേല്‍: ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം; ടെഹ്‌റാനില്‍ ഉള്‍പ്പെടെ ഉഗ്രസ്‌ഫോടനങ്ങള്‍

ജറുസലേം: ഇറാനില്‍ കനത്ത വ്യോമാക്രമണവുമായി ഇസ്രയേല്‍. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉള്‍പ്പെടെ ശനിയാഴ്ച പുലര്‍ച്ചെ ഉഗ്രസ്‌ഫോടനങ്ങള്‍ ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

സ്‌ഫോടനത്തില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ സുപ്രധാന സൈനിക കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. അതേസമയം ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുക എന്നത് തങ്ങളുടെ അവകാശവും കടമയുമാണെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.



ഇരുന്നൂറിലേറെ മിസൈലുകളാണ് ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തത്. ലോകത്തിലെ മറ്റേത് പരമാധികാര രാജ്യത്തെയും പോലെ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനും ഉണ്ട്. ഇസ്രയേലിനെയും ജനങ്ങളെയും പ്രതിരോധിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന്ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ഇറാന്റെ സൈനിക കേന്ദ്രങ്ങളിലുള്ള ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് ഇസ്രയേല്‍ ഇക്കാര്യം വൈറ്റ് ഹൗസിനെ അറിയിച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിനെ ദ്രോഹിച്ചതിന് ശത്രുക്കള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വ്യോമാക്രമണം.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് ഭീകരര്‍ നടത്തിയ കൂട്ടക്കുരുതിയ്ക്ക് ശേഷമാണ് പശ്ചിമേഷ്യയില്‍ യുദ്ധത്തിന് തുടക്കമായത്. ഹമാസ് ആക്രമണത്തിനെതിരായ ഇസ്രയേല്‍ പ്രത്യാക്രമണം പലസ്തീനില്‍ കൂട്ടക്കുരുതിക്കിടയാക്കിയിരുന്നു. അടുത്തിടെ ലബനനില്‍ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടും ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇറാന്‍ ഇസ്രായേലിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.