ഷാര്‍ജ: ഷാര്‍ജ സെന്റ് മൈക്കിള്‍ ഇടവകയിലെ സിറോ മലബാര്‍ വിശ്വാസികളുടെ വാര്‍ഷിക കൂട്ടായ്മ 'കൂടാരം 2024' അജ്മാന്‍ തുമ്പേ മെഡിസിറ്റിയില്‍ നടത്തി. ഷാര്‍ജ എസ്.എം.സി യുടെയും അജ്മാന്‍ എസ്.എം.സി.എയുടെയും നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഇടവകയിലെ ആയിരക്കണക്കിന് കുടുംബങ്ങളില്‍ നിന്നായി നാലായിരത്തോളം പേര്‍ പങ്കെടുത്തു. ഷാര്‍ജയിലെ സിറോ മലബാര്‍ സമൂഹത്തിന്റെ കൂട്ടായ്മയുടെയും വിശ്വാസത്തിന്റെയും മറക്കാനാവാത്ത ആഘോഷമായി 'കൂടാരം 2024' മാറി.
ഇടവക വികാരി ഫാ. സവരി മുത്തു പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മലയാള സമൂഹത്തിന്റെ ആത്മീയ പിതാവ് ഫാ. ജോസ് വട്ടുകുളത്തില്‍ കപ്പൂച്ചിന്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജ എസ്.എം.സി കോര്‍ഡിനേറ്റര്‍ സോജിന്‍ കെ. ജോണ്‍, അജ്മാന്‍ എസ്.എം.സി.എ കോഡിനേറ്റര്‍ ബേബി വര്‍ഗീസ്, മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഫാമിലി യൂണിറ്റ് നേതൃസ്ഥാനീയര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കുട്ടികള്‍ക്കായുള്ള കളറിംഗ് മത്സരങ്ങളും കുടുംബങ്ങള്‍ക്കായുള്ള ഹെല്‍ത്തി സാലഡ് മത്സരവും ഉള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ള ഊര്‍ജ്ജസ്വലമായ വേദി സജ്ജമാക്കിയാണ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്.
ചെണ്ട, ബാന്‍ഡ് മേളങ്ങളുടെ അകമ്പടിയോടെ നൂറിലേറെ ഫാമിലി യൂണിറ്റുകള്‍ പങ്കെടുത്ത വിശ്വാസ പ്രഘോഷണ റാലി ശ്രദ്ധയാകര്‍ഷിച്ചു. സിറോ മലബാര്‍ സമൂഹത്തിന്റെ സമ്പന്നമായ പൈതൃകം പ്രകീര്‍ത്തിച്ചുകൊണ്ട് കുടുംബങ്ങളുടെ ആവേശകരമായ പങ്കാളിത്തം റാലിയിലുണ്ടായി.
സിറോ മലബാര്‍ സമൂഹത്തിന്റെ യുവജന ഘടകമായ സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന് കൂടാരം വേദിയില്‍ തുടക്കം കുറിച്ചു. വിവിധ കുടുംബ കൂട്ടായ്മകളില്‍ നിന്നുള്ളവര്‍ അവതരിപ്പിച്ച നാടകവും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുത്ത മനോഹരമായ നൃത്ത പരിപാടികളും സംഗമത്തിന് മാറ്റേകി. കോട്ടയം ജില്ലയിലെ കോതനല്ലൂര്‍ ഫൊറോനാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഷാര്‍ജ സമൂഹത്തിലെ ഇരട്ടകളുടെ സംഗമം പരിപാടിയുടെ മറ്റൊരു പ്രത്യേകതയായിരുന്നു.
വിശ്വാസ പരിശീലനത്തില്‍ മികച്ച സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ വേദിയില്‍ സമ്മാനിച്ചു.
സാംസ്‌കാരിക പരിപാടികള്‍ക്കു ശേഷം ക്ലാപ്‌സ് ടീമിന്റെ മനോഹരമായ ഗാനമേളയോടൊപ്പം തുമ്പേ ഹോസ്പിറ്റാലിറ്റി ഒരുക്കിയ സ്വാദിഷ്ടമായ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ആഘോഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് അവിസ്മരണീയമായ പരിപാടി ഒരുക്കിയതിന് സംഘാടകര്‍ക്ക് ജനറല്‍ കണ്‍വീനര്‍ മനു തോമസ് നന്ദി അര്‍പ്പിച്ചു.
ഷാര്‍ജ സിറോ മലബാര്‍ സമൂഹത്തിന്റെ ചരിത്ര വഴികളില്‍ ഒരു നാഴികക്കല്ലുകൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് കൂടാരം 2024 പര്യവസാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.