തിരുവനന്തപുരം: യുഡിഎഫിന്റെ ഘടകകക്ഷിയാകാനുള്ള മാണി സി കാപ്പന്റെ നീക്കത്തെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഘടകകക്ഷിയാക്കി മൂന്ന് സീറ്റ് നല്‍കാമെന്ന് ആരും പറഞ്ഞതായി തനിക്കറിയില്ല. അക്കാര്യങ്ങളൊക്കെ തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്. എന്‍സിപി പിളര്‍ത്തിയാണ് മാണി സി കാപ്പന്‍ വരുന്നത്. ആ കക്ഷിയെ എങ്ങനെ യുഡിഎഫിന്റെ ഭാഗമാക്കാമെന്ന് തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ല. അദ്ദേഹം കോണ്‍ഗ്രസിലെത്തിയാല്‍ കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് അനുകൂല നിലപാടാണ് ഉള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മാണി സി കാപ്പന്‍ ഇടതുമുന്നണി വിടുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരണമെന്ന് താന്‍ ആവശ്യപ്പെട്ടതാണ്. അദ്ദേഹം കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മത്സരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പാരമ്പര്യത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് താന്‍ സത്യസന്ധമായി ആവശ്യപ്പെട്ടതെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കി.
മാണി സി കാപ്പനേയും എന്‍സിപി വിട്ട് കൂടെ വന്നവരേയും ഘടക കക്ഷിയായി അംഗീകരിച്ചാല്‍ ഒന്നിലധികം സീറ്റുകള്‍ നല്‍കേണ്ടി വന്നേക്കാമെന്ന ചിന്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. മാത്രമല്ല സീറ്റ് നല്‍കിയാല്‍ വിജയിക്കാന്‍ സാധ്യതയുളളവര്‍ കാപ്പന്‍ പക്ഷത്തില്ലെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഇക്കാര്യങ്ങളെല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ടാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
അതിനിടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് എന്‍സിപി. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ മാണി സി കാപ്പനെ പുറത്താക്കിയതായി പാര്‍ട്ടി സ്ഥിരം സെക്രട്ടറി എസ്.ആര്‍ കോലി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കാപ്പന്റേതല്ലാതെ മറ്റ് നേതാക്കളുടെയോ സംഘടനാ ഭാരവാഹികളുടെയോ പേര് വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല.
കാപ്പന് പിന്തുണ പ്രഖ്യാപിച്ച് സലിം പി. മാത്യു, സുള്‍ഫിക്കര്‍ മയൂരി, ബാബു കാര്‍ത്തികേയന്‍ തുടങ്ങിയ എന്‍.സി.പിയുടെ സംസ്ഥാന നേതാക്കളും കോട്ടയം ജില്ലാ പ്രസിഡന്റ് സാജു എം. ഫിലിപ്പ് അടക്കമുള്ള വിവിധ ജില്ലാ നേതാക്കളും ഒപ്പുവെച്ച രാജിക്കത്ത് ശരദ് പവാറിന് അയച്ചിരുന്നു.
പാലായിലെ ശക്തി പ്രകടനം യു.ഡി.എഫിലുണ്ടാക്കിയ മതിപ്പ് മുതലാക്കി വേഗത്തില്‍ മുന്നണിയില്‍ കടക്കാനുള്ള നീക്കങ്ങളാണ് കാപ്പനും കൂട്ടരും നടത്തുന്നത്. ഇതിനായി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ കാപ്പന്‍ അദ്ധ്യക്ഷനായി പത്തംഗ സമിതിയെ നിയോഗിച്ചു. 22ന് തിരുവനന്തപുരത്ത് കാപ്പന്‍ അനുകൂലികളായ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ പാര്‍ട്ടിയുടെ പേര്, ഭരണഘടന, കൊടി, ചിഹ്നം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ഉണ്ടാകും. പുതിയ പാര്‍ട്ടിക്ക് എന്‍.സി.പി. കേരള എന്ന പേരിനാണ് മുന്‍ഗണന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.