വിലയിടിവ്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി കത്തോലിക്ക കോണ്‍ഗ്രസിന്റെ 'റബര്‍ കര്‍ഷക കണ്ണീര്‍ ജ്വാല'

 വിലയിടിവ്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി കത്തോലിക്ക കോണ്‍ഗ്രസിന്റെ 'റബര്‍ കര്‍ഷക കണ്ണീര്‍ ജ്വാല'

കോട്ടയം: റബറിന്റെ വിലയിടിവില്‍ സര്‍ക്കാര്‍-കോര്‍പ്പറേറ്റ്-റബര്‍ ബോര്‍ഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സമര പരിപാടികളുടെ തുടക്കമായി കേരള പിറവി ദിനത്തില്‍ കോട്ടയത്ത് 'റബര്‍ കര്‍ഷക കണ്ണീര്‍ ജ്വാല' എന്ന പേരില്‍ വമ്പിച്ച റബര്‍ കര്‍ഷക പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ ഉല്‍ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് സമയത്ത് വില ഉയര്‍ത്തി പിന്നീട് വില ഇടിച്ച് കര്‍ഷകരെ വഞ്ചിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ തന്ത്രങ്ങള്‍ കര്‍ഷകര്‍ തിരിച്ചറിയുന്നുണ്ടന്നും വോട്ടിലൂടെ പ്രതികരിക്കാന്‍ റബര്‍ കര്‍ഷക കുടുംബങ്ങള്‍ക്ക് മടിയില്ലെന്നും പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ പറഞ്ഞു.

ഇറക്കുമതി മാനദണ്ഡങ്ങള്‍ പുതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുകയും ഇറക്കുമതിക്ക്, കുറഞ്ഞ ഇറക്കുമതി തുക പ്രഖ്യാപിക്കുകയും വേണം. പോര്‍ട്ട് നിയന്ത്രണവും ഗുണ നിലവാര മാനദണ്ഡവും കൊണ്ടു വന്നാലേ ഗുണനിലവാരമുള്ള കേരള റബറിന് പിടിച്ചു നില്‍ക്കാനാകൂ.

മാര്‍ക്കറ്റ് വിലയിരുത്തി കര്‍ഷകന് വേണ്ട നിര്‍ദേശം കൊടുക്കുകയും റബറിന് ന്യായവില ലഭ്യമാക്കാനും കൃഷി പ്രോത്സാഹിപ്പിക്കാനും പ്രവര്‍ത്തിക്കേണ്ട റബ്ബര്‍ ബോര്‍ഡ് നിഷ്‌ക്രിയമായി നില കൊള്ളുകയാണന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. ആഭ്യന്തര റബര്‍ സംരഭങ്ങള്‍ക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം. റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം.

റബറിന് 250 രൂപ പ്രകടന പത്രികയില്‍ ഉറപ്പ് നല്‍കി അധികാരത്തിലേറിയ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണമെന്നും ബജറ്റില്‍ വകയിരുത്തിയ തുക നല്‍കി റബറിന് താങ്ങുവില പ്രഖ്യാപിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഭാരിച്ച കൃഷിച്ചിലവ്, വളം കീടനാശിനി വില വര്‍ധനവ്, കാലാവസ്ഥ വ്യതിയാനം എന്നിവ മൂലം കര്‍ഷകര്‍ ബുദ്ധിമുട്ടിലായ അവസ്ഥയില്‍ റബര്‍ ബോര്‍ഡ് കര്‍ഷകര്‍ക്ക് വേണ്ടി നില കൊള്ളണം.

പ്രതിഷേധ സമരത്തിന് കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, ഡോ. കെ.എം ഫ്രാന്‍സിസ്, രാജേഷ് ജോണ്‍, രൂപതാ ഡയറക്ടര്‍മാരായ റവ. ഡോ. ജോര്‍ജ്് വര്‍ഗീസ് ഞാറക്കുന്നേല്‍, റവ. ഡോ. മാത്യൂ പാലക്കുടി, ഭാരവാഹികളായ ബിജു സെബാസ്റ്റ്യന്‍, ഇമ്മാനുവല്‍ നിധീരി, ബേബി കണ്ടത്തില്‍, തമ്പി എരുമേലിക്കര, ജോസ് വട്ടുകുളം, ബിനു ഡൊമിനിക്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, ആന്‍സമ്മ സാബു, ജേക്കബ് നിക്കോളാസ്, പിയൂസ് പറേടം, ജോര്‍ജുകുട്ടി പുന്നക്കുഴി, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, അഡ്വ. മനു വരാപ്പള്ളി, ബിജു ഡൊമിനിക്, രാജീവ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.