അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ആദ്യ ഫല സൂചനകളില്‍ കമലയും ട്രംപും ഒപ്പത്തിനൊപ്പം

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്:  ആദ്യ ഫല സൂചനകളില്‍ കമലയും ട്രംപും ഒപ്പത്തിനൊപ്പം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ കമല ഹാരിസും ഡോണാള്‍ഡ് ട്രംപും ഒപ്പത്തിനൊപ്പം.

അമേരിക്കയിലെ ആദ്യത്തെ വോട്ട് വടക്കന്‍ ന്യൂഹാംഷെയര്‍ സംസ്ഥാനത്തെ ഡിക്‌സ്വില്‍ നോച്ച് എന്ന ചെറു ഗ്രാമത്തിലായിരുന്നു. ഇവിടെ രാവിലെ 10.30 ന് തന്നെ പോളിംഗ് തുടങ്ങി. 12 മിനിറ്റില്‍ ഫലം വന്നു. ആകെയുള്ള ആറ് വോട്ടര്‍മാരില്‍ മൂന്ന് വീതം ട്രംപിനും കമലയ്ക്കും വോട്ട് ചെയ്തു.

നാല് റിപ്പബ്ലിക്കന്‍മാരും രണ്ട് അണ്‍രജിസ്റ്റേര്‍ഡ് വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം ന്യൂ ഹാംഷെയറിലെ ചെറുതും വിദൂരവുമായ ഒരു ടൗണ്‍ഷിപ്പായ ഡിക്‌സ്വിലെ നോച്ചില്‍ മൂന്ന് വോട്ടുകള്‍ ലഭിക്കുന്നു എന്നത് വളരെ പ്രധാനമാണ്.

നൂറില്‍ താഴെ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റികള്‍ക്ക് അര്‍ധരാത്രി വോട്ടെടുപ്പ് നടത്താമെന്നാണ് ന്യൂഹാംഷെയറിലെ നിയമം. 2020 ല്‍ വോട്ട് ചെയ്ത അഞ്ച് പേരും ജോ ബൈഡനൊപ്പമായിരുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് ആരംഭിച്ച പോളിങ് നാളെ രാവിലെ 9.30 ന് അവസാനിക്കും.

സമയ മേഖലകള്‍ വ്യത്യസ്തമായതിനാല്‍ പല സംസ്ഥാനങ്ങളിലും പല സമയത്താണ് വോട്ടിങ്. പോളിങ്് അവസാനിക്കുന്ന മുറയ്ക്ക് വോട്ടെണ്ണല്‍ തുടങ്ങും. കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഫലമായിരിക്കും ആദ്യം പുറത്തു വരുക.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വേകളും പ്രവചനങ്ങളും നേരിയ മുന്‍തൂക്കം നല്‍കുന്നത് റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപിനാണ്. എന്നാല്‍ ഇത് കാര്യമാക്കേണ്ടതില്ലെന്നും കമല വിജയിക്കുമെന്നും തിരഞ്ഞെടുപ്പ് പ്രവചനത്തിലെ പ്രമുഖനായ അലന്‍ ലിക്ടമാന്‍ നേരത്തെ വ്യക്തമാക്കിയത് ഡെമോക്രാറ്റിക് ക്യാമ്പില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.

ഇത്തവണ താന്‍ പരാജയപ്പെടുകയാണെങ്കില്‍ എന്താണ് ചെയ്യുകയെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി കഴിഞ്ഞു. 2020 ല്‍ ബൈഡനോട് തോറ്റത് അംഗീകരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. എന്നാല്‍ ഇത്തവണ കമല ഹാരിസിനോട് തോല്‍ക്കുകയാണെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് ഡോണാള്‍ഡ് ട്രംപ് പറയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.