ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍പ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുമായി ബന്ധപ്പെട്ട സ്തംഭനാവസ്ഥ മാറ്റാന്‍ ശ്രമിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി കെ.വി വിശ്വനാഥന്‍ പിന്മാറി. അഭിഭാഷകനായിരുന്നപ്പോള്‍ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കൈകാര്യം ചെയ്തിരുന്നതുകൊണ്ടാണ് ജസ്റ്റിസ് വിശ്വനാഥന്‍ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയത്.
ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഫയല്‍ ചെയ്ത ഹര്‍ജി വെള്ളിയാഴ്ച ലിസ്റ്റ് ചെയ്തിരുന്നത് ജസ്റ്റിസുമാരായ ബി.ആ. ഗവായ്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന് മുമ്പാകെയാണ്. 
എന്നാല്‍, ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ അഭിഭാഷകനായിരുന്ന കാലത്ത് ഈ കേസില്‍ ഹാജര്‍ ആയിട്ടുണ്ടെന്നും അതിനാല്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്നുവെന്നും ജസ്റ്റിസ് കെ.വി വിശ്വനാഥന്‍ അറിയിച്ചു.
അതേസമയം ഹര്‍ജി അടിയന്തരമായി കോടതി പരിഗണിക്കേണ്ട ആവശ്യമുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ഇന്ന് ഹൈക്കോടതി ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുകയാണെന്നും കുറ്റം ചുമത്താന്‍ സാധ്യതയുണ്ടെന്നും സിബല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ബെഞ്ചിലെ ഒരു ജഡ്ജി പിന്മാറുന്നതിനാല്‍ ഹര്‍ജി തങ്ങള്‍ ഇന്ന് പരിഗണിക്കുന്നില്ലെന്ന് ജസ്റ്റിസ് ബി. ആര്‍. ഗവായ് അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഇനി കേസ് പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവരാണ് ഹാജരായത്. സീനിയര്‍ അഭിഭാഷകന്‍ സി.യു. സിങ്, അഭിഭാഷാകന്‍ ഇ.എം.എസ് അനാം എന്നിവരാണ് ഓര്‍ത്തോഡോക്‌സ് സഭയ്ക്കുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
ഇല്ലാത്ത അധികാരം ഉപയോഗിച്ച് പള്ളി ഭരണം ഏറ്റെടുക്കാന്‍ കോടതിയലക്ഷ്യ ഹര്‍ജികളില്‍ ഹൈക്കോടതി ഉത്തരവിടുന്നു എന്ന് ആരോപിച്ച് മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു, പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് തുടങ്ങി ഒരു ഡസനിലധികം ഉദ്യോഗസ്ഥരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്ക വിഷയത്തില്‍ ഉള്‍പ്പെട്ട എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണം ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കേരള ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. 
ഓര്‍ത്തോഡോക്‌സ് പക്ഷം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ചാണ് ഈ ഉത്തരവ് ഹൈക്കോടതി പുറത്തിറക്കിയത്. എന്നാല്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിച്ച് ഇത്തരം ഒരുത്തരവ് നല്‍കാന്‍ ഹൈക്കോടതികള്‍ക്ക് അധികാരമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.