ലണ്ടന്‍: ബ്രിട്ടനില്‍ പുതുചരിത്രമെഴുതി മലയാളി നഴ്‌സായ ബിജോയ് സെബാസ്റ്റ്യന്‍. റോയല്‍ കോളജ് ഓഫ് നഴ്സിങ്ങിന്റെ (ആര്‍.സി.എന്‍) പ്രസിഡന്റായി ബിജോയ് സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്‌സിങ് ട്രേഡ് യൂണിയനാണ് റോയല്‍ കോളജ് ഓഫ് നഴ്‌സിങ്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയില്‍നിന്ന് ഒരാള്‍ ഈ സ്ഥാനത്തെത്തുന്നത്. ആരോഗ്യ സംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് ആര്‍സിഎന്‍.
യു.കെയിലെ നഴ്‌സുമാര്‍ക്ക് മാത്രമല്ല മലയാളികള്‍ക്ക് ഒന്നടങ്കം അഭിമാനകരമായ നേട്ടമാണിത്. ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ ബിജോയ്, യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സാണ്.
ബിജോയ് ഉള്‍പ്പെടെ ആറ് പേരാണ് മത്സരിച്ചത്. 2025 ജനുവരി ഒന്നു മുതല്‍ 2026 ഡിസംബര്‍ 31 വരെ രണ്ടു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.
യുകെയിലെ മലയാളികളായ നഴ്‌സിങ് ജീവനക്കാര്‍ ഒന്നടങ്കം പിന്തുണച്ചതോടെയാണു സ്വദേശികളായ സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കി ബിജോയ് ഉജ്വല വിജയം നേടിയത്. ബ്രിട്ടനിലെ മലയാളി നഴ്‌സുമാരുടെ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കാന്‍ ബിജോയിയുടെ നേതൃസാന്നിധ്യം ഏറെ സഹായകരമാകും.
ഒക്ടോബര്‍ 14ന് ആരംഭിച്ച പോസ്റ്റല്‍ ബാലറ്റ് വോട്ടെടുപ്പ് നവംബര്‍ 11നാണ് സമാപിച്ചത്. നിരവധി മലയാളി സംഘടനകള്‍ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി.
കൃഷിവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന്‍ പുന്നപ്ര വണ്ടാനം പുത്തന്‍പറമ്പില്‍ സെബാസ്റ്റ്യന്‍ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സിങ് പഠനത്തിനും ഒരു വര്‍ഷത്തെ സേവനത്തിനും ശേഷം 2011ലാണ് ബാന്‍ഡ്-5 നഴ്‌സായി ബിജോയ് ബ്രിട്ടനില്‍ എത്തിയത്. ഇംപീരിയല്‍ കോളജ് എന്‍എച്ച്എസ് ട്രസ്റ്റിലായിരുന്നു ആദ്യ ജോലി. 2015ല്‍ ബാന്‍ഡ്-6 നഴ്‌സായും 2016ല്‍ ബാന്‍ഡ്-7 നഴ്‌സായും കരിയര്‍ മെച്ചപ്പെടുത്തി. 2021ലാണ് ബാന്‍ഡ്-8 തസ്തികയില്‍ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍ ഹോസ്പിറ്റലില്‍ എത്തുന്നത്. 2012-ല്‍ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങില്‍ അംഗത്വം എടുത്തു.
ഇംപീരിയല്‍ കോളജ് എന്‍എച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമര്‍സ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്‌സ് ദിവ്യയാണ് ഭാര്യ. മകന്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഇമ്മാനുവേല്‍. ബിജോയിയുടെ സഹോദരി ബ്ലസിയും ഭര്‍ത്താവ് ജിതിനും ലണ്ടനില്‍ നഴ്‌സുമാരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.