ന്യൂഡല്‍ഹി: ഇന്ത്യയിലെ വ്യവസായ പ്രമുഖന്‍ ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ തട്ടിപ്പിനും വഞ്ചനക്കും കേസ്. സൗരോര്‍ജ വിതരണ കരാറുകള്‍ നേടാന്‍ ഏകദേശം 2,029 കോടി രൂപയുടെ കൈക്കൂലി ഇടപാടുകള്‍ നടത്തിയെന്നും ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയില്‍ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നുമാണ് കേസ്.
ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
20 വര്‍ഷത്തിനുള്ളില്‍ ഏകദേശം പതിനാറായിരം കോടി രൂപ ലാഭം പ്രതീക്ഷിക്കുന്ന കരാറുകള്‍ നേടുന്നതിനും ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് വികസിപ്പിക്കുന്നതിനും ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏകദേശം 2,029 കോടി രൂപ കൈക്കൂലി നല്‍കാന്‍ അദാനിയും മറ്റ് ഏഴ് പ്രതികളും ശ്രമിച്ചതായാണ് യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
ന്യൂയോര്‍ക്കില്‍ യു.എസ് അറ്റോര്‍ണി ഓഫീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. യു.എസ് സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനും അദാനി ഗ്രീന്‍ എനര്‍ജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്. അദാനി ഗ്രീന്‍ എനര്‍ജി യു.എസ് നിക്ഷേപകരില്‍ നിന്ന് 175 മില്യന്‍ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്.
ഫോര്‍ബ്സ് മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരം 69.8 ബില്യണ്‍ ഡോളറാണ് 62 കാരനായ അദാനിയുടെ ആസ്തി. യു.എസില്‍ ക്രിമിനല്‍ കുറ്റം ചെയ്തതായി ഔദ്യോഗികമായി ആരോപിക്കപ്പെടുന്ന ചുരുക്കം ചില ശതകോടീശ്വരന്മാരില്‍ ഒരാളായി മാറുകയാണ് അദാനി. സംഭവം പുറത്തായതോടെ ഓഹരി വിപണിയില്‍ അദാനി കമ്പനികളുടെ ഓഹരികളുടെ മൂല്യം കുത്തനെ ഇടിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.