മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകം ഞായറാഴ്ച ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍; മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികനാകും

മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേകം ഞായറാഴ്ച ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍; മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികനാകും

കോട്ടയം: നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാടിന്റെ മെത്രാഭിഷേക ചടങ്ങുകൾക്കുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. നവംബര്‍ 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലാണ് ചടങ്ങുകൾ നടക്കുക. 2.15ന് മെത്രാന്‍മാരും വൈദികരും അണിനിരക്കുന്ന പ്രദക്ഷിണം കൊച്ചുപള്ളിയില്‍ നിന്നാരംഭിച്ച് മെത്രാപ്പോലിത്തന്‍ പള്ളിയില്‍ എത്തിച്ചേരും.

ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ഏവരെയും സ്വാഗതം ചെയ്യും. തുടര്‍ന്ന് മെത്രാഭിഷേകത്തിന്റെ തിരുകര്‍മങ്ങള്‍ ആരംഭിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍  കാര്‍മികനാകും. ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് സ്‌റ്റേറ്റ് പ്രതിനിധി ആര്‍ച്ച് ബിഷപ് മോസ്റ്റ് റവ. ഡോ. എഡ്ഗര്‍ പെന പാര എന്നിവര്‍ സഹകാര്‍മികരായിരിക്കും.

ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വി. കുര്‍ബാന മധ്യേ സീറോ മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് വചന സന്ദേശം നല്‍കും. വി. കുര്‍ബാനയ്ക്ക് ശേഷം പള്ളിയില്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തും.

സീറോ മലബാര്‍ സഭ മുന്‍ ജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് മോസ്റ്റ് റവ.ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി അതിരൂപതാ മൂന്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, ചെത്തിപ്പുഴ തിരുഹ്യദയ പള്ളി വികാരിയും ആശ്രമം പ്രയോരും മാര്‍ ജോര്‍ജ് കൂവക്കാടിന്റെ മാതൃസഹോദരനുമായ ഫാ. തോമസ് കല്ലുകളം സി.എം.ഐ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. മാര്‍ ജോര്‍ജ് കൂവക്കാട് എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കും.

ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള കര്‍ദിനാളന്മാര്‍, മെത്രാന്‍മാര്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എം.എല്‍.എമാര്‍, കേന്ദ്ര സംസ്ഥാന ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും അത്മായരുമടക്കം 4000ല്‍ അധികം പ്രതിനിധികളും പങ്കെടുക്കും.

അതിരൂപതാ മുഖ്യ വികാരി ജനറാള്‍ മോണ്‍. ആന്റണി ഏത്തക്കാട്, ഫാ. തോമസ് കറുകക്കളം, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ കണ്‍വീനര്‍മാരായുമുള്ള കമ്മിറ്റിയുടെ നേൃത്വത്തിൽ ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു. ഇതോടൊപ്പം വൈദികരുടെ നേതൃതത്തില്‍ പന്ത്രണ്ട് കമ്മിറ്റികള്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.

ഒക്ടോബര്‍ ആറിനാണ് ഫ്രാന്‍സിസ് മാർപാപ്പ മോണ്‍. കൂവക്കാട്ടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക യാത്രകള്‍ ക്രമീകരിക്കുന്ന സംഘത്തിലെ ഒഫീഷ്യല്‍ സെക്രട്ടറിയാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ട്. കര്‍ദിനാള്‍ പദവിയിലേക്കുള്ള സ്ഥാനാരോഹണം ഡിസംബര്‍ എട്ടിന് വത്തിക്കാനില്‍ നടക്കാനിരിക്കെയാണ് അതിന് മുന്നോടിയായി മെത്രാഭിഷേകത്തിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 25ന് മാതൃ ഇടവകയായ മാമ്മൂട് ലൂര്‍ദ് മാതാ പള്ളിയില്‍ മോണ്‍. ജോര്‍ജ് കുവക്കാട്ടിന് സ്വീകരണവും നല്‍കും.

വൈദികനായിരിക്കെ നേരിട്ട് കര്‍ദിനാള്‍ പദവിലേക്കുയര്‍ത്തപ്പെടുന്ന ആദ്യ ഇന്ത്യന്‍ വൈദികനാണ് മോണ്‍. ജോര്‍ജ് കൂവക്കാട്ട്. ചങ്ങനാശേരി അതിരൂപതാംഗമായ ഇദേഹം മാമ്മൂട് ലൂര്‍ദ് മാതാ ഇടവകയിലെ കുവക്കാട്ട് ജേക്കബ്- ലീലാമ്മ ദമ്പതികളുടെ മകനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.