അപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി ഒരേ കിടപ്പില്‍: 12 കാരന് രണ്ട് കോടി നഷ്ടപരിഹാരം; തുക ഉയര്‍ത്തി ഹൈക്കോടതി

അപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി ഒരേ കിടപ്പില്‍: 12 കാരന് രണ്ട് കോടി നഷ്ടപരിഹാരം; തുക ഉയര്‍ത്തി ഹൈക്കോടതി

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടപ്പിലായ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് 84.87 ലക്ഷം രൂപയും ഒന്‍പത് ശതമാനം പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉള്‍പ്പെടെ ഇത് രണ്ട് കോടി രൂപയോളം വരും.

എംഎസിടി കോടതി വിധിച്ച 44.94 ലക്ഷം രൂപ നഷ്ടപരിഹാര തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ തള്ളിയ ഹൈക്കോടതി നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന കുടുംബത്തിന്റെ അപ്പീല്‍ ഭാഗികമായി അനുവദിച്ചു. ജ്യോതിസ് രാജിന്(12) വേണ്ടി പിതാവ് രാജേഷ് കുമാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് എസ് ഈശ്വരനാണ് പരിഗണിച്ചത്. തുക 30 ദിവസത്തിനകം നല്‍കണമെന്നാണ് ഉത്തരവ്.

മൂവാറ്റുപുഴ എംഎസിടി കോടതി 2020 ല്‍ 44.94 ലക്ഷം രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. ഒരു നഷ്ടപരിഹാരത്തുകയും കുട്ടിക്ക് നഷ്ടപ്പെട്ട ബാല്യകാലം മടക്കി നല്‍കില്ലെന്ന് എട്ട് വര്‍ഷമായി കുട്ടി തളര്‍ന്നു കിടക്കുന്നത് ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.

2016 ഡിസംബര്‍ മൂന്നിന് രാത്രിയാണ് മേക്കടമ്പ് പഞ്ചായത്തിന് സമീപം അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി ആനകുത്തിയില്‍ രാധ (60), രജിത(30), നിവേദിത(6) എന്നിവര്‍ മരിച്ചു. നവമി, രാധയുടെ മകള്‍ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ ജ്യോതിസ് രാജ് കൃഷ്ണയ്ക്ക് നാല് വയസായിരുന്നു. കുട്ടിക്ക് 77 ശതമാനം വൈകല്യം സംഭവിച്ചതായി കണക്കാക്കിയാണ് എംഎസിടി കോടതി നഷ്ടപരിഹാരം വിധിച്ചത്.

ഹൈക്കോടതി കുട്ടിക്ക് 100 ശതമാനം വൈകല്യം സംഭവിച്ചതായി കണക്കിലെടുത്താണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചത്. ഭാവി ചികിത്സയ്ക്കുള്ള തുകയായി മൂന്ന് ലക്ഷം രൂപയും ഹൈക്കോടതി അധികമായി നഷ്ടപരിഹാര തുകയ്ക്കൊപ്പം ചേര്‍ത്തു. സഹായിക്കോ പരിചരിക്കുന്ന ആള്‍ക്കോ ഉള്ള തുക 10 ലക്ഷത്തില്‍ നിന്ന് 37.80 ലക്ഷമായി ഉയര്‍ത്തി. പെയിന്‍ ആന്റ് സഫറിങ് ചാര്‍ജ് ചാര്‍ജ് മൂന്ന് ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി. അപകടത്തില്‍ സംഭവിച്ച സ്ഥിര വൈകല്യത്തിന് 11.08 ലക്ഷമാണ് എംഎസിടി കോടതി വിധിച്ചത്. ഇത് 43.65 ലക്ഷമായും ഉയര്‍ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.