ആത്മീയ സമ്പത്ത് നേടാനായാല്‍ മാത്രമേ ഭൗതിക സമ്പത്തിന് അര്‍ത്ഥമുണ്ടാകൂ; മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

ആത്മീയ സമ്പത്ത് നേടാനായാല്‍ മാത്രമേ ഭൗതിക സമ്പത്തിന് അര്‍ത്ഥമുണ്ടാകൂ; മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കുടിയേറ്റക്കാരായി എത്തിയ ഓരോ സിറോ മലബാര്‍ വിശ്വാസിയുടെയും ലക്ഷ്യം ഈ രാജ്യത്തെ ആത്മീയമായി കൂടുതല്‍ മനോഹരവും സമ്പന്നവുമാക്കുക എന്നതായിരിക്കണമെന്ന് സിറോ മലബാര്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലിന്റെ കൂദാശാ തിരുക്കര്‍മങ്ങള്‍ നിര്‍വഹിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു പിതാവ്. കുടിയേറ്റത്തിലൂടെ ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന സമ്പത്തായിരിക്കണം നമ്മുടെ സിറോ മലബാര്‍ പാരമ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിതാവിന്റെ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

സമ്പത്തുണ്ടാക്കുക മാത്രമായിരിക്കരുത് നമ്മുടെ ലക്ഷ്യം. അതിന് ആത്മീയമായ ലക്ഷ്യമുണ്ടായിരിക്കണം. ഈ രാജ്യത്തെ ആത്മീയമായി കൂടുതല്‍ മനോഹരവും ദൈവത്തോട് ആഭിമുഖ്യമുള്ളതുമാക്കി മാറ്റാന്‍ നമുക്കു സാധിക്കണം.

സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സിസ് പാപ്പ എന്നെ സ്വീകരിക്കുകയുണ്ടായി. പാപ്പ എന്നോട് ഇങ്ങനെ പറഞ്ഞു. അതിരുകള്‍ താണ്ടിയുള്ള നിങ്ങളുടെ കുടിയേറ്റത്തിലൂടെ സിറോ മലബാര്‍ സഭയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഓരോ കുടിയേറ്റവും മിഷനറി പ്രവര്‍ത്തനമാണെന്ന് ഓര്‍ക്കണമെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.

സെന്റ് അല്‍ഫോന്‍സ കത്തീഡ്രലിന്റെ സമര്‍പ്പണം ദൈവത്തിന്റെ ആലയത്തെക്കുറിച്ച് ചിന്തിക്കാനും ധ്യാനിക്കാനും നമ്മെ ക്ഷണിക്കുന്നു. ദൈവത്തിന്റെ ആലയം എന്നത് പ്രാഥമികമായി ഓരോ വ്യക്തികളാണ്. പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനായ ഓരോ ക്രിസ്ത്യാനിയും ദൈവത്തിന്റെ ആലയമാണ്. ആലയം എന്നാല്‍ ഇഷ്ടികയും കമ്പിയും കൊണ്ട് നിര്‍മ്മിച്ച കെട്ടിടമല്ല. നമ്മുടെ വ്യക്തിജീവിതമാണ് അത് പ്രതിഫലിപ്പിക്കുന്നത്.


ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മനോഹരമായ ഒരു പ്രസംഗം ഞാന്‍ കേള്‍ക്കാനിടയായി. ക്രിസ്ത്യാനികളായ നാം ഓരോരുത്തരും യേശുവിന്റെ സക്രാരിയാകാനാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഓര്‍ക്കുക. നമ്മെ സ്വയം ശുദ്ധീകരിക്കാന്‍ വേണ്ടി ഈ ദേവാലയത്തില്‍ വരുമ്പോള്‍ മാത്രമേ ഈ കെട്ടിടത്തിന് അര്‍ത്ഥമുള്ളൂ. അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും അപ്പം നുറുക്കുകയും വീഞ്ഞ് സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ നാം ദൈവിക ജീവിതത്തിന്റെ പങ്കാളികളാകുന്നു. അതുകൊണ്ട് സ്‌നാനമേറ്റ ഓരോ ക്രിസ്ത്യാനിയും ദൈവത്തിന്റെ ആലയമാണ്

രണ്ടാമതായി ദൈവത്തിന്റെ ആലയം എന്നത് നമ്മുടെ കുടുംബങ്ങളെയാണ് അര്‍ത്ഥമാക്കുന്നത്. ഒരു കുടുംബം ദൈവത്തിന്റെ ആലയമാണ്. നമ്മുടെ സഭ വളരെ ശക്തമാണ്, അത് വലിയ കെട്ടിടങ്ങളും പള്ളികളും നിര്‍മ്മിച്ചതുകൊണ്ടല്ല. മറിച്ച് നമ്മുടെ കുടുംബത്തെ, ദൈവത്തിന്റെ ആലയത്തെ നിലനിര്‍ത്തുന്നതുകൊണ്ടാണ്.

നിങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് കുടിയേറി ഭൗതികമായി സമ്പത്തുണ്ടാക്കി, എന്നാല്‍ നിങ്ങള്‍ക്ക് ആത്മീയ സമ്പത്ത് ഉള്ളപ്പോള്‍ മാത്രമേ ഭൗതിക സമ്പത്തിന് അര്‍ത്ഥമുണ്ടാകൂ എന്ന് ഞാന്‍ ഓര്‍മിപ്പിക്കുന്നു. നിങ്ങളുടെ ആത്മീയ സമ്പത്ത് നഷ്ടപ്പെട്ടാല്‍ ഭൗതിക സമ്പത്ത് കൊണ്ട് കാര്യമില്ല.

മൂന്നാമതായി, ആലയത്തിന് ഇടവക, പള്ളി എന്നൊക്കെയാണ് അര്‍ത്ഥം. ഇവിടെയുള്ള എല്ലാ ആളുകളും അവിടുത്തെ കുടുംബമാണ്. ഈ ഇടവകയിലെ എല്ലാ അംഗങ്ങളും ഇവിടെ വരുന്നു, വിശുദ്ധ കുര്‍ബാന ആഘോഷിക്കുന്നു. ഒരേ അപ്പത്തില്‍ നിന്ന് ഭക്ഷിക്കുന്നു, ഒരേ പാത്രത്തില്‍ നിന്ന് കുടിക്കുന്നു.

ഓസ്ട്രേലിയയിലും അമേരിക്കയിലും കാനഡയിലും ഇത്രയധികം പള്ളികള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് ചിലപ്പോള്‍ ആളുകള്‍ എന്നോട് ചോദിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ വീണ്ടും വീണ്ടും പുതിയ പള്ളികള്‍ ഉണ്ടാക്കുന്നത്? ഇവിടെ നമുക്ക് ആവശ്യത്തിന് പള്ളികളുണ്ടല്ലോ എന്ന്. എനിക്ക് ഒറ്റ ഉത്തരമേ ഉള്ളൂ. പള്ളികളുടെ അഭാവം കൊണ്ടല്ല, സഭയുടെ പാരമ്പര്യം നഷ്ടപ്പെടില്ല എന്നതാണ് ഉത്തരം.

ഞാന്‍ ഇവിടെ ഉക്രെയ്‌നിയക്കാരെ കണ്ടു, മാല്‍ക്കൈറ്റ്്, കല്‍ദായ അംഗങ്ങളെ കണ്ടു. ഞങ്ങള്‍ എല്ലാവരും സൗഹാര്‍ദപരമായ ബന്ധത്തിലാണ്. എല്ലാ സഭകളും പരിശുദ്ധാത്മാവിന്റെ വ്യത്യസ്ത ദാനങ്ങളാണ്.

ഇവിടുത്തെ ലത്തീന്‍ സഭയോടും ലത്തീന്‍ നേതൃത്വത്തോടും എനിക്ക് വളരെയധികം കടപ്പാടുണ്ട്. 1960 കളില്‍ നമ്മുടെ ആളുകള്‍ ഈ നാട്ടിലേക്ക് കുടിയേറിയപ്പോള്‍ അവര്‍ അപരിചിതരായിരുന്നു. എന്നാല്‍ അവര്‍ക്ക് അന്യതാബോധം തോന്നിയില്ല. ലത്തീന്‍ സമൂഹം അവരെ ഊഷ്മളമായി സ്വീകരിച്ചു. അവര്‍ക്ക് മുന്നോട്ട് പോകാന്‍ നിങ്ങള്‍ നിങ്ങളുടെ കൈകള്‍ നല്‍കി.

ഞങ്ങളുടെ കുട്ടികളെയും കുടുംബങ്ങളെയും വിശ്വാസത്തില്‍ നിലനിര്‍ത്തുന്നതിന് സഹായിച്ച ലാറ്റിന്‍ ശ്രേണിയോടും ലാറ്റിന്‍ ഇടവകകളോടുമുള്ള ഞങ്ങളുടെ കടപ്പാട് വാക്കുകള്‍ക്ക് അതീതമാണ്, നിങ്ങളുടെ സംഭാവന വിലമതിക്കാനാകാത്തതാണ് - മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.

കുടിയേറിയ ഓരോ വ്യക്തിയും ഒരു മിഷണറിയാണ്. നിങ്ങള്‍ എവിടെ ജോലി ചെയ്താലും, അത് ബാങ്കിലോ ഫാക്ടറിയിലോ കടയിലോ ആയിരിക്കാം. ഓരോ തൊഴിലും നിങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ്.

നിങ്ങള്‍ ഒരു യഥാര്‍ത്ഥ സിറോ മലബാര്‍ വിശ്വാസിയാണെങ്കില്‍ ജപമാല ചൊല്ലിത്തീരുന്നത് വരെ നിങ്ങള്‍ ഉറങ്ങില്ല. വളരെയധികം സ്വാതന്ത്ര്യം നല്‍കുന്ന ഒരു രാജ്യത്താണ് നിങ്ങള്‍ ജീവിക്കുന്നത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മുടെ സിറോ മലബാര്‍ പാരമ്പര്യങ്ങള്‍ അഡ്ജസ്റ്റ് ചെയ്യേണ്ടതില്ല. നോമ്പ്, പെരുന്നാള്‍, നൊവേനകള്‍ എന്നിവ ഉള്‍പ്പെടുന്ന നമ്മുടെ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കണമെന്ന് ഓര്‍മിപ്പിച്ചാണ് പിതാവ് സന്ദേശം ഉപസംഹരിച്ചത്.

തയാറാക്കിയത്: 

ബീന ഷാജി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.