പാര്‍ട്ടി ആരുടെയും വഖഫ് പ്രോപ്പര്‍ട്ടിയല്ലെന്ന് സംസ്ഥാന സമിതിയംഗം; പാലക്കാട്ടെ പരാജയത്തില്‍ ബിജെപിയില്‍ അടി തുടങ്ങി

പാര്‍ട്ടി ആരുടെയും വഖഫ് പ്രോപ്പര്‍ട്ടിയല്ലെന്ന് സംസ്ഥാന സമിതിയംഗം; പാലക്കാട്ടെ പരാജയത്തില്‍ ബിജെപിയില്‍ അടി തുടങ്ങി

പാലക്കാട്: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപി പൊട്ടിത്തെറിയുടെ വക്കില്‍. നിരവധി നേതാക്കള്‍ ബിജെപി നേതൃത്വത്തിനെതിരേ രംഗത്തെത്തിക്കഴിഞ്ഞു.

ബിജെപി ആരുടെയും വഖഫ് പ്രോപ്പര്‍ട്ടിയല്ലെന്ന് സംസ്ഥാന സമിതിയംഗം സി.വി സജനി ഫെയ്‌സ് ബുക്കില്‍ കുറിച്ചു. ജനങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ സംഘടനയുടെ മുഖമാകണമെന്നും അവര്‍ വിമര്‍ശിച്ചു.

അടിത്തറയല്ല, മേല്‍ക്കൂരയാണ് പ്രശ്‌നമെന്നായിരുന്നു ഫല പ്രഖ്യാപനത്തിനുശേഷം ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്റെ പ്രതികരണം. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടയാളാണ് ശിവരാജന്‍.

വോട്ട് കാന്‍വാസ് ചെയ്യാന്‍ കഴിവുള്ള മൂന്നുമുഖങ്ങളാണ് ശോഭാ സുരേന്ദ്രന്‍, വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ എന്നും അദേഹം പറയുന്നു. തോല്‍വിയുടെ കാരണം സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്നാണ് ചാനല്‍ ചര്‍ച്ചയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

അതേസമയം പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്നും പ്രചാരണത്തില്‍ ജില്ലയിലുള്ളവരെ പരിഗണിച്ചില്ലെന്നും ബിജെപി ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രന്‍ തരൂര്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ് തോല്‍വി ബിജെപിക്ക് മുന്നില്‍ രണ്ട് വെല്ലുവിളികളാണ് ഉയര്‍ത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ യുഡിഎഫ് ശക്തമായ നിലയിലാണ് എന്നതും എല്‍ഡിഎഫ് തൊട്ടു പിന്നിലുണ്ടെന്നതും ബിജെപി ക്യാമ്പിന് തലവേദന സൃഷ്ടിക്കുന്നു.

സംഘടനാപരമായി നിരവധി പ്രശ്നങ്ങള്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ അലട്ടിയിരുന്നു. പാലക്കാട് മുനിസിപ്പാലിറ്റിക്കെതിരായ വികാരം വലിയ തോതില്‍ വോട്ടര്‍മാര്‍ പ്രകടമാക്കി എന്നാണ് പാര്‍ട്ടി കരുതുന്നത്. അതുകൊണ്ടാണ് മുനിസിപ്പാലിറ്റിയില്‍ കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്തേക്ക് പോയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും മുനിസിപ്പാലിറ്റിയില്‍ ബിജെപി ഒന്നാമതായിരുന്നുവെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്നോട്ട് പോയി. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റി ഭരണം നഷ്ടമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് അത്തരം പ്രവര്‍ത്തനത്തിലേക്ക് അവര്‍ക്ക് പോകേണ്ടിയും വരും.

എന്നാല്‍ അടിസ്ഥാന വോട്ടുകളില്‍ കുറവു വന്നിട്ടില്ലെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സി.കൃഷ്ണകുമാര്‍ പറയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ഇ. ശ്രീധരന് കിട്ടിയ വോട്ടുമായാണ് എല്ലാവരും താരതമ്യം ചെയ്യുന്നത്.

ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ഒരു വ്യക്തി മത്സരിച്ചപ്പോള്‍ കിട്ടിയ അതേ വോട്ടുകള്‍ കൃഷ്ണകുമാറിന് കിട്ടില്ലല്ലോ. പ്രിയങ്കാ ഗാന്ധിക്ക് വയനാട്ടില്‍ കിട്ടിയ ഭൂരിപക്ഷം കേരളത്തിലെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിച്ചാല്‍ കിട്ടുമോയെന്നും കൃഷ്ണകുമാര്‍ ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.