സ്വന്തം മതവിശ്വാസങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് മെച്ചപ്പെട്ട മാനവികതയ്ക്കുവേണ്ടി പ്രവർത്തിക്കുക; മതാന്തര സംവാദങ്ങൾ പ്രോത്സാഹിപ്പിച്ച് ലോകമതസമ്മേളനത്തിൽ മാർപ്പാപ്പ

സ്വന്തം മതവിശ്വാസങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് മെച്ചപ്പെട്ട മാനവികതയ്ക്കുവേണ്ടി പ്രവർത്തിക്കുക; മതാന്തര സംവാദങ്ങൾ പ്രോത്സാഹിപ്പിച്ച് ലോകമതസമ്മേളനത്തിൽ മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: വ്യത്യസ്തതകൾ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇപ്രകാരമുള്ള വിവേചനങ്ങൾ ഇന്ന് പലരും അനുദിന ജീവിതത്തിൽ അനുഭവിക്കുന്നുണ്ടെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. വ്യത്യസ്തങ്ങളായ വിശ്വാസങ്ങൾക്കിടയിൽ ആത്മീയ സത്യങ്ങളും മൂല്യങ്ങളും പങ്കുവയ്ക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു.

ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 29, 30 തീയതികളിലായി വത്തിക്കാനിൽ നടന്ന സർവ്വമത സമ്മേളനത്തിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. അസഹിഷ്ണുതയും വിദ്വേഷവും വർധിച്ചുവരുന്ന ഇക്കാലത്ത് മതാന്തര സംവാദങ്ങൾക്കുള്ള പ്രസക്തി ഫ്രാൻസിസ് പാപ്പ അടിവരയിട്ടു പറഞ്ഞു.
മതങ്ങളുടെ ശ്രേഷ്ഠമായ പ്രബോധനങ്ങളോടുള്ള ആദരവില്ലായ്മയാണ് ഇന്ന് ലോകത്തിൽ കാണുന്ന പല അസ്വസ്ഥതകൾക്കും കാരണമാകുന്നതെന്ന് സമ്മേളനത്തിൽ പങ്കെടുത്ത വിവിധ മതനേതാക്കളോടും പ്രതിനിധികളോടും മാർപാപ്പ പറഞ്ഞു.

ശ്രീനാരായണഗുരുവും സാമൂഹ്യ പരിഷ്കരണവും

ഹൈന്ദവ മതത്തിലെ ആത്മീയ മാർഗദർശിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ശ്രീനാരായണഗുരു, സാമൂഹ്യവും മതപരവുമായ ഉന്നമനത്തിനായാണ് തൻ്റെ ജീവിതം സമർപ്പിച്ചതെന്ന് പാപ്പാ പറഞ്ഞു. ജാതിവ്യവസ്ഥയെ എതിർത്തുകൊണ്ട്, എല്ലാ മനുഷ്യരും ഒരൊറ്റ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശം അദ്ദേഹം പ്രചരിപ്പിച്ചു. വംശീയമോ മതപരമോ സാംസ്കാരികമോ ആയ വ്യത്യാസങ്ങൾ ഏതെങ്കിലും തരത്തിലുള്ള വിവേചനത്തിന് കാരണമാകരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു - പാപ്പാ കൂട്ടിച്ചേർത്തു.

മതങ്ങൾ ഒരുമിച്ച് മാനുഷിക നന്മയ്ക്കായി

മതാന്തര സംവാദത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പിന്തുണയോടെ നടന്ന സമ്മേളനത്തിന്റെ പ്രമേയം 'മതങ്ങൾ ഒരുമിച്ച് നല്ല മാനുഷികതക്കുവേണ്ടി' എന്നതായിരുന്നു. നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിന് വളരെയധികം പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് മാർപാപ്പ പറഞ്ഞു. മതം, ഭാഷ, വർണ്ണം, വർഗ്ഗം എന്നിവയെ അടിസ്ഥാനമാക്കി വംശീയമോ ജാതീയമോ ആയ വിവേചനങ്ങൾ വ്യക്തികളും സമൂഹങ്ങളും പ്രത്യേകിച്ച്, ദരിദ്രരും അശരണരും അനുദിന ജീവിതത്തിൽ അനുഭവിക്കുന്നുണ്ടെന്ന വസ്തുത പാപ്പ ചൂണ്ടിക്കാട്ടി.

തുല്യരും സഹോദരരുമായ മനുഷ്യർ

2019 ഫെബ്രുവരിയിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയ്ക്കിടെ ഒപ്പുവെച്ച മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള രേഖ പരിശുദ്ധ പിതാവ് അനുസ്മരിച്ചു. ദൈവം 'എല്ലാ മനുഷ്യരെയും അവകാശങ്ങളിലും കടമകളിലും അന്തസ്സിലും തുല്യതയോടെ സൃഷ്ടിച്ചുവെന്നും സഹോദരീസഹോദരന്മാരായി ഒരുമിച്ച് ജീവിക്കാനാണ് അവർ വിളിക്കപ്പെട്ടിരിക്കുന്നതെന്നും' ആ രേഖ പറയുന്നു.

മതങ്ങൾ പങ്കുവയ്ക്കുന്ന സത്യം

'ഏക ദൈവത്തിന്റെ മക്കൾ എന്ന നിലയിൽ നാം പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും സാഹോദര്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും മനോഭാവത്തോടെ വൈവിധ്യങ്ങളെയും വ്യത്യാസങ്ങളെയും ആദരിക്കണമെന്നും പരസ്പരം കരുതലാവുന്നതോടൊപ്പം നമ്മുടെ പൊതു ഭവനമായ ഭൂമിയെ പരിപാലിക്കണമെന്നുമാണ്' എല്ലാ മതങ്ങളും പങ്കുവയ്ക്കുന്ന അടിസ്ഥാന സത്യമെന്ന് ഫ്രാൻസിസ് പാപ്പ ഊന്നിപ്പറഞ്ഞു. ഇത് അവഗണിക്കുന്നതാണ് ലോകം കലുഷിതമാകാനുള്ള കാരണമെന്ന് പാപ്പ കൂട്ടിച്ചേർത്തു.

എന്നിരുന്നാലും, നാനാത്വത്തിലുള്ള ഏകത്വത്തെ ലക്ഷ്യം വയ്ക്കുകയും അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും സഹവർത്തിത്വം ഉറപ്പാക്കുകയും സാഹോദര്യവും സൗഹാർദവും വളർത്തിയെടുക്കുകയും ചെയ്യാനായി എല്ലാവരും പരിശ്രമിക്കുകയാണങ്കിൽ നമുക്ക് അവ വീണ്ടും കണ്ടെത്താനാകുമെന്ന് പരിശുദ്ധ പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് സമാധാനം സ്ഥാപിക്കുന്നവരാകാൻ അങ്ങനെ നമുക്ക് സാധിക്കുമെന്ന് പാപ്പാ പറഞ്ഞു.

വ്യക്തിവാദത്തിനെതിരായുള്ള സഹകരണം

പരസ്പരമുള്ള ബഹുമാനം, അന്തസ്സ്, അനുകമ്പ, അനുരഞ്ജനം, സഹോദരതുല്യമായ ഐക്യദാർഢ്യം എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു സംസ്കാരം വളർത്തിയെടുക്കാൻ സന്മനസ്സുള്ള എല്ലാവരുടെയും സഹകരണം മാർപാപ്പ അഭ്യർത്ഥിച്ചു. വ്യക്തിവാദം, ഒഴിവാക്കൽ, നിസ്സംഗത, അക്രമം എന്നീ മൂല്യച്യുതികൾക്കെതിരെയുള്ള മറുമരുന്നാണ് ഇവ. കഴിഞ്ഞ സെപ്റ്റംബറിൽ ഇന്തോനേഷ്യയിൽ വച്ച് നടത്തിയ ഇഷ്തിക് ലാൽ സംയുക്ത പ്രസ്താവനയിലും ഇക്കാര്യങ്ങൾ തന്നെയാണ് പ്രതിധ്വനിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.

സ്വന്തം മതവിശ്വാസങ്ങളിൽ ഉറച്ചു നിന്നുകൊണ്ട്, നമുക്കിടയിൽ പങ്കുവയ്ക്കപ്പെടുന്ന ഇപ്രകാരമുള്ള ഗുണങ്ങൾ സ്വാംശീകരിക്കാനും ഒരു മെച്ചപ്പെട്ട മാനവികതയ്ക്കുവേണ്ടി ഒരുമിച്ച് നടക്കാനും പ്രവർത്തിക്കാനും വിവിധ മതങ്ങളുടെ പ്രതിനിധികളോട് ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.