'മോചനത്തിന് ട്രംപ് ഇടപെടണം'; ഹമാസ് ബന്ധിയാക്കിയ ഇസ്രയേലി-അമേരിക്കന്‍ സൈനികന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്

'മോചനത്തിന് ട്രംപ് ഇടപെടണം'; ഹമാസ് ബന്ധിയാക്കിയ ഇസ്രയേലി-അമേരിക്കന്‍ സൈനികന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്

ടെല്‍ അവീവ്: ഗാസയില്‍ കസ്റ്റഡിയിലുള്ള ഇസ്രയേലി-അമേരിക്കന്‍ ബന്ദി ഈഡന്‍ അലക്‌സാണ്ടറുടെ (20) വീഡിയോ പുറത്തുവിട്ട് ഹമാസ് ഭീകരര്‍. തന്നെ മോചിപ്പിക്കാന്‍ യു.എസിലെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെടണമെന്ന് ഇദ്ദേഹം വീഡിയോയില്‍ അഭ്യര്‍ഥിക്കുന്നു. കഴിഞ്ഞ 421 ദിവസമായി ഹമാസിന്റെ കസ്റ്റഡിയിലാണ് ഈഡന്‍ അലക്സാണ്ടര്‍.

അമേരിക്കന്‍ പൗരനായ ഈഡന്‍ ഇസ്രയേലിലേക്ക് കുടിയേറിയതിന് ശേഷമാണ് സൈന്യത്തില്‍ ചേര്‍ന്നത്. 2023 ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിനിടെയാണ് ഹമാസ് ഇയാളെ പിടികൂടി ഗാസയിലേക്ക് കൊണ്ടുപോയത്.

മൂന്നു മിനിറ്റ് വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തുന്ന ഈഡന്‍ തുടര്‍ന്ന് കുടുംബത്തെയും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അഭിസംബോധന ചെയ്യുന്നു. തന്നെ തിരികെ എത്തിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ഈഡന്‍ ആവശ്യപ്പെടുന്നുണ്ട്. ് ഇംഗ്ലീഷിലും ഹീബ്രുവിലും യുവാവ് സഹായം അഭ്യര്‍ഥിക്കുന്നുണ്ട്.

'ഞങ്ങളുടെ സ്വാതന്ത്ര്യത്തിനായി ചര്‍ച്ച നടത്താന്‍ നിങ്ങളുടെ സ്വാധീനവും അമേരിക്കയുടെ മുഴുവന്‍ ശക്തിയും ഉപയോഗിക്കണമെന്ന് ട്രംപിനോട് വീഡിയോയില്‍ അഭ്യര്‍ഥിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ചെയ്ത തെറ്റുകള്‍ താങ്കള്‍ ആവര്‍ത്തിക്കരുത്. അദ്ദേഹം അയച്ച ആയുധങ്ങള്‍ ഇപ്പോള്‍ ഞങ്ങളെ കൊല്ലുകയാണ്. നിയമവിരുദ്ധമായ ഉപരോധം ഞങ്ങളെ പട്ടിണിക്കിടുന്നു. എന്റെ സഹ യുഎസ് പൗരനായ ഗോള്‍ഡ്‌ബെര്‍ പോളിനെപ്പോലെ മരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അലക്‌സാണ്ടര്‍ പറയുന്നു.

വീഡിയോ പ്രതീക്ഷ നല്‍കുന്നതാണെന്ന് ടെല്‍ അവീവിലുള്ള ഈഡന്റെ കുടുംബം പറഞ്ഞു. അതേസമയം, മകന്റെ ദുരവസ്ഥയില്‍ ഈഡന്റെ അമ്മ യേല്‍ അലക്‌സാണ്ടര്‍ ദുഃഖം പ്രകടിപ്പിച്ചു. ബന്ദികളെ വീട്ടിലെത്തിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിയിട്ടുണ്ടെന്ന് നെതന്യാഹു തന്നെ ഫോണില്‍ വിളിച്ച് അറിയിച്ചതായി അവര്‍ പറഞ്ഞു.

ക്രൂരമായ സൈക്കോളജിക്കല്‍ നീക്കമാണ് വീഡിയോയിലൂടെ ഹമാസ് നടത്തിയതെന്ന് നെതന്യാഹു പ്രതികരിച്ചു. ഈഡന്റെ കുടുംബത്തെ ഫോണില്‍ ബന്ധപ്പെട്ടെന്നും ബന്ദി മോചനത്തിന് ഇസ്രയേലി സര്‍ക്കാര്‍ വിശ്രമമില്ലാതെ പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇദ്ദേഹമടക്കം 101 ബന്ദികള്‍ ഗാസയിലുണ്ട്. 251 പേരെയാണ് ഹമാസ് ഇസ്രയേലില്‍നിന്ന് ബന്ദികളാക്കി കടത്തിയത്. 34 പേരുടെ മരണം സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.