നോട്രഡാം കത്തീഡ്രല്‍ ഡിസംബർ 7ന് തുറക്കും; ട്രംപും ബൈഡനും അടക്കം ലോക നേതാക്കള്‍ പങ്കെടുക്കും

നോട്രഡാം കത്തീഡ്രല്‍ ഡിസംബർ 7ന് തുറക്കും;  ട്രംപും ബൈഡനും അടക്കം ലോക നേതാക്കള്‍ പങ്കെടുക്കും

പാരീസ്: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഗ്‌നിക്കിരയായ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ നവീകരിച്ച ശേഷം തുറന്നുകൊടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും. അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്രകൂടിയായിരിക്കുമിത്. മഹത്തായ നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത് അഭിമാന നിമിഷമാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

ദേവാലയത്തിന്റെ നവീകരണത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പങ്ക് എടുത്തു പറഞ്ഞ അദ്ദേഹം വളരെ സവിശേഷമായ ദിവസമായിരിക്കുമെന്നും എക്‌സില്‍ കുറിച്ചു. ചടങ്ങിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2019 ഏപ്രില്‍ 15നാണ് നോട്രഡാം കത്തീഡ്രല്‍ അഗ്‌നിക്കിരയായത്. തീപിടിത്തത്തില്‍ ദേവാലയത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം കത്തിയമര്‍ന്ന് ഉളളിലേക്ക് വീണ് നല്ലൊരു ഭാഗം നശിച്ചിരുന്നു. ഏകദേശം 24 മണിക്കൂറിലേറെ സമയമെടുത്താണ് അന്ന് തീയണച്ചത്. തുടര്‍ന്ന് ആരംഭിച്ച പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍ത്തിയായത്. 7463 കോടി രൂപ ചെലവാക്കിയാണ് നവീകരണം. ദേവാലയം പുതുക്കിപ്പണിതപ്പോഴും പഴയ തനിമ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.

12ാം നൂറ്റാണ്ടില്‍ ഗോഥിക് വാസ്തുശില്‍പ ശൈലിയിലാണ് നോട്രഡാം കത്തീഡ്രല്‍ നിര്‍മിച്ചിരുന്നത്. പ്രധാന അള്‍ത്താരയുടെ കൂദാശ ഡിസംബര്‍ ഏഴിനു നടക്കും.

ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. അതീവ സുരക്ഷയിലായിരിക്കും 50 ഓളം രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്ന ചടങ്ങ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഡിസംബര്‍ ഏഴിന് കത്തീഡ്രലിലെത്തുകയും വെഞ്ചിരിപ്പ് ഉള്‍പ്പെടെയുള്ള തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും.

ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്യും. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിക്ക് ആര്‍ച്ച് ബിഷപ്പ് ലോറന്റ് ഉള്‍റിച്ച് എത്തുന്നതോടെ പുനര്‍ സമര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. കത്തീഡ്രല്‍ വാതിലുകളില്‍ ആര്‍ച്ച് ബിഷപ്പ് പ്രതീകാത്മകമായി മുട്ടുന്നതോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഈ സമയം അകത്ത് നിന്ന് സങ്കീര്‍ത്തനം ആലപിക്കും, തുടര്‍ന്ന് പള്ളിയുടെ വാതിലുകള്‍ തുറക്കും. ഡിസംബര്‍ എട്ടിന് രാവിലെ 10:30 ന് വിശുദ്ധ കുര്‍ബാന നടക്കും. അന്നേദിവസം വൈകുന്നേരം 5:30 മുതല്‍ എട്ട് വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.