അഭിമാനം! ആലത്തൂര്‍ സ്റ്റേഷന്‍ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷന്‍

 അഭിമാനം! ആലത്തൂര്‍ സ്റ്റേഷന്‍ രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷന്‍

തിരുവനന്തപുരം: രാജ്യത്തെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പൊലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. വിലയിരുത്തലിന്റെ അവസാന ഘട്ടത്തില്‍ എത്തിയ 76 പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷന്‍ ഈ നേട്ടം കൈവരിച്ചത്.

വിവിധ തരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാന പാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പൊലീസ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളും പരിഗണനാവിഷയമായി. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂര്‍ സിറ്റിയിലെ വളപട്ടണം എന്നി പൊലീസ് സ്റ്റേഷനുകള്‍ മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച 10 പൊലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.