കൊച്ചി: കുവൈറ്റ് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസില്‍ പ്രതികരണവുമായി പ്രതികളായ മലയാളികള്‍. കോവിഡ് കാലത്ത് ജോലി നഷ്ടമായതാണ് വായ്പ മുടങ്ങാന്‍ കാരണമെന്നും ബാങ്കിനെ കബളിപ്പിക്കണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ വ്യക്തമാക്കി.
വായ്പാ തിരിച്ചടവില്‍ ഇളവ് ആവശ്യപ്പെടാനും കൂടുതല്‍ സമയം ചോദിക്കാനും ശ്രമം ആരംഭിച്ചു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 12 പേരില്‍ മിക്കവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പൊലീസിനെയും ഇക്കാര്യം ബോധ്യപ്പെടുത്തും. നിയമപരമായ നടപടികളുമായി സഹകരിക്കുമെന്നും പ്രതികളായ മലയാളികള്‍ വ്യക്തമാക്കി.
കുവൈറ്റിലെ ബാങ്കിനെ ശതകോടികള്‍ കബളിപ്പിച്ച നഴ്സുമാരടങ്ങുന്ന 1425 മലയാളികള്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഗള്‍ഫ് ബാങ്ക് കുവൈറ്റ് അധികൃതര്‍ നല്കിയ പരാതിയില്‍ കേരളത്തില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോടികള്‍ ലോണ്‍ നേടിയ ശേഷം മിക്കവരും വിദേശത്തേക്ക് കുടിയേറിയതായി പ്രാഥമികാന്വേഷത്തില്‍ കണ്ടെത്തി.
ഗള്‍ഫ് ബാങ്ക് കുവൈറ്റിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജരായ മുഹമ്മദ് അബ്ദുള്‍ വസി കഴിഞ്ഞ നവംബര്‍ അഞ്ചിന് കേരളത്തില്‍ എത്തിയതോടെയാണ് വന്‍ ബാങ്ക് തട്ടിപ്പ് പുറത്തു വരുന്നത്. 2020-22 കാലഘട്ടത്തില്‍ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴുനൂറ് മലയാളികളടക്കം 1425 പേര് 700 കോടിയോളം ബാങ്കിനെ കബളിപ്പിച്ച് കടന്നു കളഞ്ഞെന്നായിരുന്നു പരാതി.
സംസ്ഥാന പൊലീസ് ഉന്നതരെ വന്നു കണ്ട ബാങ്ക് അധികൃതര്‍ ഇവരെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പത്ത് പേരെ തിരിച്ചറിഞ്ഞതും കേസെടുത്തതും. എട്ട് കേസുകള്‍ എറണാകുളം റൂറല്‍ പരിധിയിലും ഒരെണ്ണം കൊച്ചി സിറ്റിയിലും മറ്റൊരെണ്ണം കോട്ടയത്തുമാണ്.
അറുപത് ലക്ഷം മുതല്‍ രണ്ട് കോടി രൂപ വരെയാണ് ഇവരോരുത്തരും കുവൈറ്റിലെ സാലറി സര്‍ട്ടിഫിക്കറ്റ് കാണിച്ച് വായ്പയെടുത്തത്. ആദ്യത്തെ കുറച്ച് തവണകള്‍ അടച്ച ശേഷം പലപ്പോഴായി ഇവരെല്ലാം മുങ്ങിയെന്നാണ് ബാങ്ക് അധികൃതരുടെ പരാതി.
ഭൂരിഭാഗം പേരും അമേരിക, കാനഡ, ബ്രിട്ടന്, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ എന്നിവടങ്ങിലേക്ക് കുടിയേറി. കൈവശമുളള രേഖകളുടെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്താനാണ് സംസ്ഥാന പൊലീസിന്റെ സഹായം തേടിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.