ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര നിയമിതനായി. ബുധനാഴ്ച ചുമതലയേല്‍ക്കും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ആര്‍ബിഐയുടെ 25-ാമത്തെ ഗവര്‍ണറായി 2018 ഡിസംബര്‍ 12 നാണ് ശക്തികാന്ത ദാസ് ചുമതലയേറ്റത്.
കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരില്‍ അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ശക്തികാന്ത ദാസിന്റെ നിയമനം.
ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് 1990 ബാച്ചിലെ രാജസ്ഥാന് കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് സഞ്ജയ് മല്‍ഹോത്ര. ഐഐടി കാണ്‍പുരില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ സഞ്ജയ് മല്‍ഹോത്ര അമേരിക്കയിലെ പ്രൈസ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ ബിരുദാനന്തര ബിരുദം നേടി.
മൂപ്പത്തിമൂന്ന് വര്‍ഷത്തിലേറെ നീളുന്ന കരിയറില്‍ ഊര്‍ജം, സാമ്പത്തികം, നികുതി, വിവര സാങ്കേതിക വിദ്യ, ഖനി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച അദേഹം റവന്യൂ സെക്രട്ടറിയായി നിയമിതനാകുന്നതിന് മുമ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് വകുപ്പില്‍ സെക്രട്ടറിയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.