ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട മൂന്നുപേര്‍ പിടിയില്‍. ഇതില്‍ ഒരാള്‍ക്ക് പതിനഞ്ച് വയസ് മാത്രമാണ് പ്രായം. ഇരുപതും ഇരുപത്തിരണ്ടും വയസുള്ളവരാണ് പിടിയിലായ മറ്റു രണ്ടുപേര്‍. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നു പേരെയും ആയുധങ്ങളുമായി ജര്‍മ്മന്‍ പൊലീസ് പിടികൂടിയത്. റൈഫിളും കത്തികളും ഇവരില്‍ നിന്നും പിടിച്ചെടുത്തു എന്നാണ് റിപ്പോര്‍ട്ട്.
ജര്‍മന്‍-ലെബനീസ് സഹോദരങ്ങളായ 15കാരനെയും 20കാരനെയും മാന്‍ഹൈമില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഹെസന്‍ സംസ്ഥാനത്തെ ഹോക്ടാനസില്‍ നിന്നാണ് ജര്‍മന്‍-ടര്‍ക്കിഷ് വംശജനായ 22-കാരനെ പിടികൂടിയതെന്നും പൊലീസ് വ്യക്തമാക്കി. മാന്‍ഹൈമിലോ ഫ്രാങ്ക്ഫര്‍ട്ടിലോ പ്രവര്‍ത്തിക്കുന്ന ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ ഭീകരാക്രമണം നടത്തുകയായിരുന്നു മൂവരുടെയും ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ നിലവില്‍ വിചാരണത്തടവിലാണ്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്രത്തോട് കടുത്ത അനുഭാവമുള്ള സഹോദരങ്ങള്‍ ആക്രമണത്തിന് കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി അധികൃതര്‍ പറഞ്ഞു.
ഭീകരാക്രമണ പദ്ധതി തകര്‍ത്ത് പ്രതികളെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരെ ഹെസെന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി റോമന്‍ പോസെക്ക് പ്രശംസിച്ചു. 2023 ഒക്ടോബര്‍ 7ന് ഇസ്രായേലിനെതിരെ ഹമാസ് ഭീകരാക്രമണം നടത്തിയത് മുതല്‍ അതീവ ജാഗ്രതയിലാണ് ജര്‍മനി. സമീപ വര്‍ഷങ്ങളില്‍ ചെറുതും വലുതുമായ നിരവധി ഭീകരാക്രമണങ്ങള്‍ ജര്‍മനിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതലും കത്തിക്കുത്തുകളായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.