തിരുവനന്തപുരം: എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പി.എം ശ്രീ വിദ്യാഭ്യാസ പദ്ധതിയില്‍ ഒപ്പിട്ടതിനെ വീണ്ടും ന്യായീകരിച്ച് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
ഏകദേശം 1500 കോടി രൂപയുടെ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടി മാത്രമാണ് പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതെന്ന് അദേഹം ആവര്‍ത്തിച്ചു. പി.എം ശ്രീ പദ്ധതി നടപ്പിലാക്കാത്തതിനാല്‍ സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട 1500 കോടി രൂപയാണ് കേന്ദ്രം തടഞ്ഞു വെച്ചിരിക്കുന്നതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ തുക നഷ്ടപ്പെടുത്തണോ വേണ്ടയോ എന്നാണ് നിലവിലെ പ്രശ്‌നമെന്നും നഷ്ടപ്പെടുത്താന്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് ചിന്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 165 സ്‌കൂളുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പറയുന്ന, നമുക്ക് തെറ്റെന്ന് തോന്നുന്ന നയങ്ങളൊന്നും സ്വീകരിക്കുന്നില്ല. ഓട്ടിസം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള ഓട്ടിസം സെന്റേഴ്‌സിനെ സംരക്ഷിക്കുന്നതും എസ്.എസ്.എ ഫണ്ട് ഉപയോഗിച്ചാണ്. ഫണ്ട് തടഞ്ഞു വെച്ചതിനെ തുടര്‍ന്ന് ഓട്ടിസം സെന്ററുകളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ രണ്ട് മാസക്കാലമായി ശമ്പളം കൊടുക്കുന്നില്ല.
കൂടാതെ 150 ഓളം വരുന്ന വര്‍ണക്കൂടാരം പദ്ധതികള്‍ സംസ്ഥാനത്തുണ്ട്. ഇതും ഈ തുക ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഫണ്ട് നഷ്ടപ്പെടാതിരിക്കുന്നതിനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നീങ്ങിയത്.
പാഠപുസ്തകം തയ്യാറാക്കുക സംസ്ഥാന സര്‍ക്കാര്‍ തന്നെയായിരിക്കും. ഏത് നിമിഷവും പദ്ധതിയില്‍ നിന്ന് പിന്മാറാമെന്ന വ്യവസ്ഥ കരാറിലുണ്ട്. ഇരു കക്ഷികളും തമ്മില്‍ ആലോചിച്ച് ചര്‍ച്ച ചെയ്ത് കരാറില്‍ നിന്നും പിന്മാറുന്നതിന് സാധിക്കും. യോജിച്ച് ഒരു തീരുമാനത്തിലെത്താത്ത പക്ഷം കോടതിയില്‍ പോകുന്നതിനും അവകാശമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ ആര്‍.എസ്.എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ല. അത് കെ. സുരേന്ദ്രന്റെ സ്വപ്നം മാത്രമാണ്. ഒന്നു മുതല്‍ പത്തുവരെ ക്ലാസിലെ കുട്ടികള്‍ക്കുള്ള പാഠ പുസ്തകം പ്രിന്റ് ചെയ്തു കഴിഞ്ഞതായും ശിവന്‍കുട്ടി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.