കേസ്റ്റന് പിന്നാലെ ഗില്ലസ്പിയും; പാകിസ്ഥാന്‍ ടെസ്റ്റ് ടീം കോച്ച് സ്ഥാനം രാജിവെച്ച് ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം

കേസ്റ്റന് പിന്നാലെ ഗില്ലസ്പിയും; പാകിസ്ഥാന്‍ ടെസ്റ്റ് ടീം കോച്ച് സ്ഥാനം രാജിവെച്ച് ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം

ഇസ്ലാമാബാദ്: ഗാരി കേസ്റ്റന് പിന്നാലെ പാകിസ്ഥാന്റെ ടെസ്റ്റ് ടീം കോച്ച് സ്ഥാനത്തു നിന്ന് രാജിവെച്ച് ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ജേസണ്‍ ഗില്ലസ്പിയും. തന്റെ ശുപാര്‍ശയില്‍ കൊണ്ടുവന്ന ടിം നീല്‍സന്റെ കരാര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുനപരിശോധിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഗില്ലസ്പിയുടെ രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍. കോച്ച് എന്ന നിലയില്‍ 2026 വരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി കരാര്‍ ഉണ്ടെന്നിരിക്കേയാണ് ഗില്ലസ്പിയുടെ അപ്രതീക്ഷിത രാജി.

അതേസമയം വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയന്‍ താരത്തിന് പകരം മുന്‍ പേസര്‍ അക്വിബ് ജാവേദിനെ കോച്ചായി നിയമിച്ചതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. നിലവില്‍ പാകിസ്ഥാന്‍ വൈറ്റ് ബോള്‍ ടീമിന്റെ ഇടക്കാല പരിശീലകനാണ് അക്വിബ് ജാവേദ്.

ടീം തിരഞ്ഞെടുപ്പിലും പിച്ച് തയ്യാറാക്കുന്നതിലുമുള്ള പങ്കാളിത്തത്തില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള പിസിബിയുടെ തീരുമാനത്തിലും ഗില്ലസ്പി അസ്വസ്ഥനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയ, സിംബാബെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ പരമ്പരകള്‍ക്കായി പാകിസ്ഥാന്‍ പുറപ്പെടുന്നതിന് മുമ്പായിരുന്നു ഗില്ലസ്പിയ്‌ക്കൊപ്പം വൈറ്റ് ബോള്‍ സൈഡ് കോച്ചായി ചേര്‍ന്ന ഗാരി കേസ്റ്റന്റെ രാജി. അധികാര കാര്യങ്ങളില്‍ പിസിബിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേസ്റ്റന്‍ രാജിവെച്ചത്.

2024 ലെ ടി 20 ലോകകപ്പിന് മുമ്പാണ് ഗില്ലസ്പിയെയും കേസ്റ്റനെയും നിയമിച്ചത്. രണ്ട് വര്‍ഷത്തേയ്ക്കായിരുന്നു കരാര്‍. എന്നാല്‍ സീനിയര്‍ സെലക്ടറായി അക്വിബിനെ കൊണ്ടുവരികയും ടീം സെലക്ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അദേഹത്തിന് പിസിബി പൂര്‍ണ അധികാരം നല്‍കുകയും ചെയ്തതോടെയാണ് വിദേശ പരിശീലകര്‍ ബോര്‍ഡുമായി തെറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.