എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന്; പെണ്‍മക്കളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന്; പെണ്‍മക്കളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. മക്കളായ ആശ ലോറന്‍സിന്റെയും സുജാത ബോബന്റെയും അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. മൃതദേഹം ഏറ്റെടുത്ത മെഡിക്കല്‍ കോളജ് നടപടിയും ഹൈക്കോടതി ശരിവച്ചു.

നേരത്തെ സിംഗിള്‍ ബെഞ്ച് സമാനമായ വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. മക്കള്‍ തമ്മിലുള്ള പ്രശ്നമാണിതെന്നും അനന്തമായി വിഷയം നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മകള്‍ ആശ ലോറന്‍സ് പറഞ്ഞു.

ലോറന്‍സ് ജീവിച്ചിരുന്ന സമയത്ത് മൃതദേഹം വൈദ്യ പഠനത്തിന് നല്‍കണമെന്ന ആവശ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് മകന്‍ സജീവന്‍ വ്യക്തമാക്കി. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കാനാകില്ലെന്നും മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് മക്കളായ ആശ ലോറന്‍സ്, സുജാത ബോബന്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

മധ്യസ്ഥനെ നിയോഗിച്ച് ഹൈക്കോടതി നടത്തിയ ചര്‍ച്ചകളും വിഷയത്തില്‍ സമവായമുണ്ടാക്കാനാവാതെ പരാജയപ്പെടുകയായിരുന്നു. മൃതദേഹം നിലവില്‍ എറണാകുളം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 21 നായിരുന്നു എം.എം ലോറന്‍സിന്റെ മരണം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.