കൊച്ചി: സീറോ മലബാര്‍ സഭയുടെ ആരാധനാക്രമ വിഷയത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ അരങ്ങേറുന്ന അച്ചടക്ക രാഹിത്യ പ്രവൃത്തികളെ സഭാ പരമായ കാനോനിക നടപടികളിലൂടെ ക്രമപ്പെടുത്തുന്നതിനായി സീറോ മലബാര്‍ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ പ്രത്യേക കോടതി നിലവില്‍ വന്നു. ഡിസംബര്‍ പതിനെട്ട് മുതലാണ് പ്രത്യേക കോടതി പ്രവര്‍ത്തനം ആരംഭിച്ചത്.
സഭാ തലവനായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലാണ് കോടതി സ്ഥാപിച്ച് ഉത്തരവിറക്കിയത്. പൗരസ്ത്യ സഭകള്‍ക്കായുള്ള കാനന്‍ നിയമത്തിന്റെ 89-ാം നമ്പര്‍ പ്രകാരം പൗരോഹിത്യ ശുശ്രൂഷകരുടെ അച്ചടക്ക മേല്‍നോട്ടം നടത്താനുള്ള അവകാശവും കടമയും മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ നിക്ഷിപ്തമാണ്.
കല്‍പനകളും മുന്നറിയിപ്പുകളും നിരാകരിക്കപ്പെട്ടാല്‍ നിയമ പ്രകാരം അച്ചടക്ക നടപടികള്‍ കൈക്കൊള്ളുന്നതിനായി മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാപിക്കുന്ന പ്രത്യേക കോടതിയാണ് നിലവില്‍ വന്നിരിക്കുന്നത്. വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ ഏകീകൃത രീതി സീറോ മലബാര്‍ സഭയില്‍ നിലവില്‍ വന്നത് 2021 നവംബര്‍ 28 നാണ്.
മാര്‍പാപ്പയും പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയവും സീറോ മലബാര്‍ സഭാ സിനഡും മേജര്‍ ആര്‍ച്ച് ബിഷപ്പും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും പൊന്തിഫിക്കല്‍ ഡെലഗേറ്റും ഉപദേശ രൂപേണയും കല്‍പനകളായും ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം നടപ്പിലാക്കാന്‍ പല തരത്തില്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയ്ക്കും പൊതുസമൂഹത്തില്‍ വലിയ ഉതപ്പിനും ഇടയാകുന്ന വിധത്തില്‍ അച്ചടക്ക ലംഘനം തുടരുന്നതിനാലാണ് പ്രത്യേക കോടതിയുടെ സ്ഥാപനം അനിവാര്യമായി വന്നതെന്ന് സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രൂപതാ കേന്ദ്രങ്ങളിലാണ് ഇത്തരം കോടതികള്‍ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, എറണാകുളം-അങ്കമാലി അതിരൂപതയുടെ നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു കോടതി തുറന്നു പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്ന കാര്യം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മേലധികാരികളെ അറിയിച്ചിരുന്നു.
ആയതിനാല്‍ അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരിന്റെ അഭ്യര്‍ത്ഥന പ്രകാരവും റോമിലെ പൗരസ്ത്യ കാര്യാലയത്തിന്റെ നിര്‍ദേശാനുസരണവുമാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഈ പ്രത്യേക കോടതി സ്ഥാപിച്ചിരിക്കുന്നത്.
അച്ചടക്ക ലംഘനം നടത്തുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍, സന്യസ്തര്‍, അല്‍മായര്‍ എന്നിവര്‍ക്കെതിരെ സഭാ നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ഈ കോടതിക്ക് അധികാരമുണ്ട്. ഈ പ്രത്യേക കോടതി പൗരസ്ത്യ സഭകളുടെ കാനന്‍ നിയമ സംഹിതയും മറ്റ് സഭാ നിയമങ്ങളും അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക.
പൗരസ്ത്യ കാനന്‍ നിയമ സംഹിതയനുസരിച്ച് കോടതി നടപടികളും ശിക്ഷ വിധിക്കലും രോഗത്തിനുള്ള ചികിത്സയായും രോഗം മാറ്റാനുള്ള മരുന്നുമായാണ് വിവക്ഷിച്ചിരിക്കുന്നത്. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ഉപദേശത്തിന്റെയും വഴികള്‍ അടയുമ്പോഴാണ് സഭ കോടതി നടപടികള്‍ കൈക്കൊള്ളുന്നത്.
ഈ പ്രത്യേക കോടതി സഭാ കുറ്റങ്ങള്‍ ചെയ്തിട്ടുള്ളവര്‍ക്കെതിരേ ശിക്ഷ നല്‍കാന്‍ അധികാരമുള്ള സംവിധാനമാണ്. നീതിന്യായ അധികാരം ഉപയോഗിച്ച് കോടതി നടപടികളിലൂടെയാണ് വ്യക്തികള്‍ ചെയ്ത കുറ്റത്തിന്റെ കാഠിന്യാനുസരണം ന്യായാധിപന്മാര്‍ ശിക്ഷ വിധിക്കുക.
കാനന്‍ നിയമ പണ്ഡിതരായ ഫാ. ജെയിംസ് മാത്യു പാമ്പാറ സിഎംഐ പ്രിസൈഡിങ് ജഡ്ജിയായ കോടതിയില്‍ ഫാ. ജോസ് മാറാട്ടില്‍, ഫാ. ജോയ് പാലിയേക്കര എന്നിവര്‍ ജഡ്ജിമാരായിരിക്കും. ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍ നീതി സംരക്ഷകനായും ഫാ. ജോസഫ് കാമിച്ചേരി നോട്ടറിയായും പ്രവര്‍ത്തിക്കും. കൂടാതെ അഭിഭാഷകരായി ഫാ. ജോസഫ് പരുവുമ്മേല്‍, ഫാ. ഫ്രാന്‍സിസ് ആളൂര്‍, ഫാ. മാത്യു കല്ലറക്കല്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.