പ്രതിപക്ഷ പ്രതിഷേധവും ഭരണപക്ഷ പ്രത്യാക്രമണവും കൊണ്ട് പ്രക്ഷുബ്ധമായ ശീതകാല സമ്മേളനത്തിന് സമാപനം; പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധവും ഭരണപക്ഷ പ്രത്യാക്രമണവും കൊണ്ട് പ്രക്ഷുബ്ധമായ ശീതകാല സമ്മേളനത്തിന് സമാപനം; പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധവും ഭരണ പക്ഷത്തിന്റെ പ്രത്യാക്രമണവും കൊണ്ട് ശീതകാല സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നും പാര്‍ലമെന്റ് കലുഷിതമായി. അതീവ നാടകീയത നിറഞ്ഞ ഒരു സമ്മേളന കാലമാണ് ഇക്കുറി ഡല്‍ഹിയില്‍ നടന്നത്.

പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. കടുത്ത പരാമര്‍ശങ്ങളും വെല്ലുവിളികളും പാര്‍ലമെന്റിന്റെ മകര്‍ ദ്വാറിന്റെ മതിലില്‍ കയറി നിന്നുള്ള പ്രതിപക്ഷ പ്രതിഷേധവും എംപിമാര്‍ തമ്മിലുള്ള കയ്യാങ്കളി പൊലീസ് കേസുകളായി മാറിയതും ഈ സഭാ സമ്മേളന കാലത്ത് കണ്ടു.

ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള രണ്ട് ബില്ലുകള്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് രാവിലെ അയച്ചതിന് ശേഷമാണ് സഭ പിരിഞ്ഞത്. 2034 ഓടെ ഒരേ സമയം ലോക്സഭാ, സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലാണ് കമ്മിറ്റിയ്ക്ക് അയച്ചിരിക്കുന്നത്.

എന്നാല്‍ ലോക്‌സഭാ ശീതകാല സമ്മേളനത്തിന്റെ അവസാന നടപടിയും കോണ്‍ഗ്രസ് ബിജെപി പ്രതിഷേധത്തിലാണ് അവസാനിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ 'അംബേദ്കറാണ് ഫാഷന്‍' എന്ന പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും സഭ പ്രതിഷേധത്തില്‍ മുങ്ങി.

വ്യാഴാഴ്ച പാര്‍ലമെന്റ് കവാടത്തിലുണ്ടായ അക്രമ സംഭവങ്ങളിലും തര്‍ക്കത്തിലും പരിക്കേറ്റുവെന്ന പരാതിയുമായി ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും പാര്‍ലമെന്റ് വളപ്പിലെ അക്രമത്തെ കുറിച്ചുള്ള പരാതികളുടെ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നാണ് പുറത്തു വരുന്ന വിവരം.

ഈയാഴ്ച ആദ്യം രാജ്യസഭയില്‍ ഡോ. ബി.ആര്‍. അംബേദ്കറെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമര്‍ശത്തില്‍ കടുത്ത രോഷമാണ് ഉയര്‍ന്നത്. തുടര്‍ന്ന് പാര്‍ലമെന്റ് വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ബിജെപി എംപിമാര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് ബിജെപി ആരോപിക്കുന്നത്.

സംഭവത്തെ തുടര്‍ന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആക്രമണം, പ്രേരണ, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ബിജെപി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

അതിനിടെ, പാര്‍ലമെന്റ് വളപ്പില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റിലെ പരാതികള്‍ ക്രൈം ബ്രാഞ്ചിന് വിടാനുള്ള ആലോചന നടക്കുന്നത്.

ഇന്നലത്തെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം ഇന്നും അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തിനെതിരെ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ പ്രതിഷേധമുയര്‍ത്തി. പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് സ്പീക്കര്‍ വിലക്കേര്‍പ്പെടുത്തിയിട്ടും ഇത് അവഗണിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

പ്രവേശന കവാടങ്ങളില്‍ തടസമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികള്‍ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കര്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ മറികടന്നാണ് 'ഐ ആം അംബേദ്കര്‍' എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചത്. വിജയ് ചൗക്കില്‍ നിന്ന് പ്രതിഷേധ മാര്‍ച്ചായാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.