വാഷിങ്ടണ്‍: പാനമ കനാല്‍ ഉപയോഗിക്കുന്നതിന് അമിത നിരക്ക് ഈടാക്കുന്നുവെന്നും ഇതിന് മാറ്റം വരുത്തിയില്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാനമയ്ക്ക് മുന്നറിയിപ്പ് നല്‍കി.
പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ തിരക്കേറിയ കപ്പല്‍ പാതയാണ് മധ്യ അമേരിക്കന്‍ രാജ്യമായ പാനമയിലെ ഈ കനാല്‍. രാജ്യാന്തര കപ്പല്‍ ഗതാഗതത്തിന്റെ അഞ്ച് ശതമാനവും പാനമ കനാല്‍ വഴിയാണ്.
കനാലിന്റെ അധികാരം 'തെറ്റായ കൈകളിലേക്കെ'ത്താന്‍ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയ ട്രംപ് ഈ പാതയിലെ ചൈനീസ് അധിനിവേശത്തെ കാണാതിരിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
'പാനമ ഇത്തരത്തില്‍ അമിത നിരക്ക് ഈടാക്കുന്നത് അധിക്ഷേപമാണ്. പ്രത്യേകിച്ച് അമേരിക്ക പാനമയ്ക്ക് നല്‍കിയ ദാനമാണ് കനാലെന്ന് അറിഞ്ഞുകൊണ്ട് ഇത്തരത്തില്‍ പെരുമാറുന്നത് പരിഹാസ്യമാണ്. മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനല്ല കനാല്‍ വിട്ടുകൊടുത്തത്.
അമേരിക്കയും പാനമയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗം മാത്രമാണത്. ഈ മഹത്തായ ദാനത്തിന്റെ ധാര്‍മികവും നിയമപരവുമായ തത്വങ്ങള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ പാനമ കനാല്‍ പൂര്‍ണമായും തിരിച്ചു നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടും.'-ട്രംപ് വ്യക്തമാക്കി. എന്നാല്‍ ട്രംപിന്റെ ഈ പ്രസ്താവനയോട് വാഷിങ്ടണിലെ പാനമ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
1904 ല്‍ നിര്‍മാണം പൂര്‍ത്തിയായ 82 കിലോമീറ്റര്‍ നീളമുള്ള ഈ കനാല്‍ 1999 ലാണ് അമേരിക്ക പാനമയ്ക്ക് കൈമാറുന്നത്. 1977-ലെ ടോറിയോസ്-കാര്‍ട്ടര്‍ ഉടമ്പടി പ്രകാരം അതുവരെ അമേരിക്കയുടെ പൂര്‍ണ അധികാരത്തിലായിരുന്നു കനാല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.