‘പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തി, നീക്കം ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്’; എഡിജിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

‘പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തി, നീക്കം ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്’; എഡിജിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം. ആർ അജിത് കുമാർ സർക്കാരിന് നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്ത്. പൂരം അലങ്കോലമാക്കിയത് ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ഇതിനായി തിരുവമ്പാടി ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ദേവസ്വത്തിലെ ചിലരുടെ പേര് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും പൂരം കലക്കി നേട്ടമുണ്ടാക്കാൻ ശ്രമിച്ച പാർട്ടി ബിജെപി ആണെന്ന് നേരിട്ട് പരാമർശമില്ല. റിപ്പോർട്ട് നേരത്തെ തന്നെ ഡിജിപിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തള്ളിയ ഡിജിപി, എഡിജിപിയെ വിമർശിച്ച് കത്ത് നൽകിയിരുന്നു. ആഭ്യന്തര വകുപ്പിന്‍റെ ശിപാർശയോടെ നിലവിൽ ത്രിതല അന്വേഷണം നടന്നുവരികയാണ്.

പൂരത്തിന്‍റെ തുടക്കം മുതൽ തിരുവമ്പാടി ദേവസ്വം നിയമവിരുദ്ധവും നടപ്പാക്കാൻ കഴിയാത്തതുമായ നിർദേശങ്ങൾ മുന്നോട്ടുവെച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്‍റെ ഭാഗമായാണ് പലപ്പോഴും ചടങ്ങുകൾ നിൽത്തിവെക്കേണ്ടിവന്നത്.

പൂരം നടത്തിപ്പിനായി ഹൈക്കോടതി മുന്നോട്ടുവച്ച നിബന്ധനകൾ മറികടന്ന് ചടങ്ങുകൾ പെട്ടെന്ന് നിർത്തി, ദേവസ്വത്തിലെ ചിലർ മറ്റു പലരുമായും ഗൂഢാലോചന നടത്തി, സർക്കാരിനെതിരായ നീക്കത്തിലൂടെ തെരഞ്ഞെടുപ്പ് ജയം ലക്ഷ്യം വെച്ചെന്നും റിപ്പോർട്ടിലുണ്ട്. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏത് രാഷ്ട്രീയ പാർട്ടിയാണെന്ന വെളിപ്പെടുത്തൽ റിപ്പോർട്ടിലില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.