കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സിബിഐ പ്രത്യേക കോടതി വെള്ളിയാഴ്ച വിധി പറയും.
സിപിഎം പ്രാദേശിക നേതാവായ എ. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. മുന്‍ എംഎല്‍എയും സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായി കെ.വി കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ. മണികണ്ഠന്‍, മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി തുടങ്ങി 23 പേരാണ് കേസിലെ മറ്റ് പ്രതികള്‍.
ഇതില്‍ 14 പേരെ ക്രൈംബ്രാഞ്ചും കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പത്ത് പേരെ സിബിഐയുമാണ് അറസ്റ്റു ചെയ്തത്. 2019 ഫെബ്രുവരി 17 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ആദ്യം ലോക്കല്‍ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ചു.
പിന്നാലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ഹൈക്കോടതി ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദ് ചെയ്ത് സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.
ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് അന്വേഷണം നടത്തിയത്. കേസില്‍ കെ മണികണ്ഠന്‍, എന്‍. ബാലകൃഷ്ണന്‍, ആലക്കോട് മണി, കെ.വി കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതികള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും കാക്കനാട് ജയിലിലുമാണ് ഉള്ളത്. ക്രിമനല്‍ അഭിഭാഷകന്‍ അഡ്വ. സി.കെ ശ്രീധരനാണ് പ്രതികള്‍ക്കു വേണ്ടി വാദിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.