ഹൈദരാബാദ്: ജമ്മു-കാശ്മീരിനെ തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു.
എഴുപത്തിരണ്ടാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിന്റെ വിജയ ഗോള്‍ നേടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ഞായറാഴ്ച വൈകുന്നേരം 7.30 ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിയില്‍ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 71-ാം മിനിറ്റില്‍ കോച്ച് ബിബി തോമസ് കൊണ്ടുവന്ന മാറ്റമാണ് കളിയിലെ വഴിത്തിരിവായത്. 71-ാം മിനിറ്റില്‍ അസ്ലമിനെയും അജ്സലിനേയും പിന്‍വലിച്ച് അര്‍ജുനും മുഷ്റഫും ഇറങ്ങി.
തൊട്ടടുത്ത മിനിറ്റില്‍ ജോസഫ് ജസ്റ്റിന് അര്‍ജുനെ ലക്ഷ്യം വെച്ച് പോസ്റ്റിലേക്ക് ചിപ് ചെയ്ത പന്ത് കാശ്മീര്‍ ഡിഫന്‍ഡര്‍ ആതര്‍ ഇര്‍ഷാദ് ക്ലിയര്‍ ചെയ്തത് ബോക്സിലുണ്ടായിരുന്ന നസീബ് റഹ്മാന് നേര്‍ക്ക്. നെഞ്ചില്‍ പന്ത് നിയന്ത്രിച്ച് നസീബ് തൊടുത്ത ഷൂട്ട് നേരേ വലയിലേക്ക്.
തിരിച്ചടിക്കാന്‍ ജമ്മു ശ്രമിച്ചെങ്കിലും ക്യാപ്റ്റന്‍ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം കോട്ട പോലെ ഉറച്ചു നിന്നു. ഫൈനല്‍ തേര്‍ഡില്‍ നിരവധി അവസരങ്ങള്‍ കിട്ടിയെങ്കിലും മുന്നേറ്റ നിരയുടെ ഫിനിഷിങിലെ പോരായ്മ ജമ്മു കാശ്മീരിന് തിരിച്ചടിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.