കട്ടപ്പന: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയായ സാബു തോമസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം.എം മണി എംഎല്‍എ.
സാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നാണ് മണിയുടെ ആവശ്യം. സാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കട്ടപ്പനയില്‍ നടത്തിയ വിശദീകരണ യോഗത്തിലാണ് വിവാദ പരാമര്‍ശം.
'സാബുവിന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഖമുണ്ട്. അദേഹത്തിന്റെ മരണത്തില്‍ ഞങ്ങള്‍ക്കോ ഞങ്ങളുടെ ബോര്‍ഡിനോ ബോര്‍ഡ് പ്രസിഡന്റിനോ യാതൊരു പങ്കുമില്ല. അതിന് തക്കതായ ഒരു പ്രവൃത്തിയും ഞങ്ങള്‍ ചെയ്തിട്ടില്ല.
ഇതെല്ലാം പറഞ്ഞ് വഴിയേ പോകുന്ന വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവച്ച് അതിന്റെ പാപഭാരം മുഴുവന്‍ ഞങ്ങളെ ഏല്‍പ്പിക്കാന്‍ ആരും ശ്രമിക്കേണ്ട. അങ്ങനെയൊന്നും വീഴുന്ന പ്രസ്ഥാനമല്ല സിപിഎം. മാനമിടിഞ്ഞ് വന്നാലും തടയാമെന്ന മനോഭാവമാണ് ഞങ്ങള്‍ക്ക്.
സാബുവിന് മറ്റെന്തെങ്കിലും മാനസിക പ്രശ്നമുണ്ടോ, ചികിത്സ ചെയ്തിരുന്നോ, അതിന് ഡോക്ടറെ സമീപിച്ചിരുന്നോ എന്നുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണ്. അല്ലാതെ ഞങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ ഞങ്ങളുടെ അടുത്ത് ചെലവാകില്ല'- ഇതായിരുന്നു എം.എം മണിയുടെ വാക്കുകള്‍.
കഴിഞ്ഞ ഡിസംബര്‍ 20നാണ് കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പില്‍ സാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാബുവിന്റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറി റെജിയും ജീവനക്കാരായ ബിനോയും ഷിജുവുമാണെന്ന് എഴുതിയിരുന്നു.
കൂടാതെ സൊസൈറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കുടുംബവും രംഗത്തെത്തിയിരുന്നു. പിന്നാലെ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഎം മുന്‍ ഏരിയ സെക്രട്ടറിയുമായ വി.ആര്‍ സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും പുറത്തു വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.