കൊച്ചി: യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദി കൊല്ലപ്പെട്ട കേസില്‍ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് അംഗീകരിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് നിമിഷ പ്രിയയുടെ കുടുംബത്തിനെയും കേരളത്തെയും നിരാശയിലാക്കിയിരിക്കിയെങ്കിലും മോചന ശ്രമങ്ങള്‍ തുടരുകയാണ്.
അതിനിടെ അമ്മയ്ക്ക് യെമന്‍ ഭരണകൂടം മാപ്പ് നല്‍കുമെന്നും ഇന്ത്യയുടെയും യെമന്റെയും സഹായത്തോടെ നിമിഷ പ്രിയ തിരികെ നാട്ടിലെത്തി ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെന്നാണ് അവരുടെ പതിമൂന്നുകാരിയായ മകള്‍ ഉറച്ച് വിശ്വസിക്കുന്നത്.
തിങ്കളാഴ്ചയാണ് യെമന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി നിമിഷയുടെ മോചനത്തിനായി തങ്ങള്‍ നിയമപരമായി ശ്രമിക്കുകയാണെന്ന് നിമിഷ പ്രിയയുടെ ഭര്‍ത്താവ് ടോമി തോമസ് പറഞ്ഞു.
നിമിഷ പ്രിയ ജയിലിലാകാന്‍ ഇടയായ സംഭവം നടക്കുമ്പോള്‍ മകള്‍ക്ക് വെറും രണ്ട് വയസേ ഉണ്ടായിരുന്നുളളൂ. അതിന് മുന്‍പ് വരെ മകള്‍ നിമിഷയുടെ ഫോട്ടോകള്‍ കാണുകയും വീഡിയോ കോള്‍ വഴി സംസാരിച്ചിട്ടുമുണ്ട്. അവള്‍ക്ക് അമ്മയുടെ സ്നേഹവും പിന്തുണയും ആവശ്യമാണ്. തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായി ബന്ധപ്പെട്ട് ഒരു പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് തങ്ങള്‍.
ഭാര്യയുടെ മോചനത്തിനായി ആ കുടുംബത്തിന് ബ്ലഡ് മണി നല്‍കാന്‍ തയ്യാറാണ്. എനിക്കും നിമിഷയ്ക്കും പഴയതുപോലെ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കണം. പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്റെ ഭാര്യ നല്ലൊരു സ്ത്രീയാണ്. എല്ലാവരെയും സഹായിക്കുന്ന ഒരു സ്വഭാവക്കാരിയാണ്. നിമിഷയെ കാണാന്‍ മകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണന്നും ടോമി തോമസ് പറഞ്ഞു.
കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും തുടരുമെന്ന് കേന്ദ്രം അറിയിച്ചു. നിമിഷ പ്രിയയുടെ കുടുംബം മോചനത്തിനായി എല്ലാ വഴികളും ആരായുന്നതായി മനസിലാക്കുന്നു. കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
അതേസമയം വധശിക്ഷ നടപ്പാക്കാനുള്ള യെമന്‍ പ്രസിഡന്റിന്റെ ഉത്തരവ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലെത്തി. തിയതി പ്രോസിക്യൂട്ടര്‍ തീരുമാനിക്കും. ഒരു മാസത്തിനകം നടപ്പാക്കിയേക്കും. യെമനുമായി ഇന്ത്യയ്ക്ക് നയതന്ത്ര ബന്ധം ഇല്ലാത്തതിനാല്‍ ഇനിയുള്ള ശ്രമങ്ങള്‍ ദുഷ്‌കരമാകും.
തലാലിന്റെ കുടുംബാംഗങ്ങളുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് യെമനില്‍ മോചനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സ്വദേശി സാമുവല്‍ ജെറോം അറിയിച്ചു. സ്ത്രീയെന്ന പരിഗണന കിട്ടിയേക്കാമെന്നാണ് പ്രതീക്ഷ. ഏപ്രില്‍ 20 ന് യെമനിലെത്തിയ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് മൂന്നു തവണ മാത്രമാണ് മകളെ കാണാനും സംസാരിക്കാനും കഴിഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.