കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രന്‍ നായര്‍(85) അന്തരിച്ചു. ബംഗളൂരുവിലെ മകന്റെ വസതിയില്‍ ആയിരുന്നു അന്ത്യം.
നിരൂപകന്‍ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു ജയചന്ദ്രന്‍ നായര്‍. തിരുവനന്തപുരം ജില്ലയിലെ ശ്രീവരാഹത്ത് 1939 ലാണ് ജനനം. 1975 ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി.
ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. പിന്നീട് മലയാള രാജ്യം, സമകാലിക മലയാളം വാരിക എന്നിവയുടെ പത്രാധിപരായി. 1997 ല്‍ ആണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക തുടങ്ങിയത്.
അന്ന് മുതല്‍ 2013 വരെ സമകാലിക മലയാളത്തില്‍ പത്രാധിപരായിരുന്നു. മലയാളത്തിലെ മാഗസിന്‍ ജേണലിസത്തിന് പുതിയ മുഖം നല്‍കിയ വ്യക്തിയാണ് ജയചന്ദ്രന്‍ നായര്‍.
2012 ലെ ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 'എന്റെ പ്രദക്ഷിണ വഴികള്‍' എന്ന പുസ്തകത്തിന് ലഭിച്ചു. ഷാജി എം.കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥയും നിര്‍മ്മാണവും നിര്‍വഹിച്ചതും ജയചന്ദ്രന്‍ നായരായിരുന്നു.
ആത്മകഥയ്ക്ക് പുറമേ റോസാദളങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് പ്രധാന കൃതികള്‍.
കെ. ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെ.സി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ. വിജയരാഘവന്‍ അവാര്‍ഡ്, എം.വി പൈലി ജേണലിസം അവാര്‍ഡ്, സി.എച്ച് മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാത്രി ബംഗളൂരുവില്‍ നടക്കും. ഭാര്യ സരസ്വതിയമ്മ, മക്കള്‍: ദീപ, ഡോ. ജയദീപ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.