ഒരു ആക്രമത്തിനും ക്രിസ്ത്യാനികളുടെ വിശ്വാസത്തെ നശിപ്പിക്കാൻ സാധിക്കില്ല; വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിച്ച് ഇറാഖിലെ ക്രൈസ്തവർ

ഒരു ആക്രമത്തിനും ക്രിസ്ത്യാനികളുടെ വിശ്വാസത്തെ നശിപ്പിക്കാൻ സാധിക്കില്ല; വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിച്ച് ഇറാഖിലെ ക്രൈസ്തവർ

ബാഗ്ദാദ്‌: വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ഭക്ത്യാദരപൂർവം ആഘോഷിച്ച് ഇറാഖിലെ ക്രൈസ്തവർ. കൽദായ, അസീറിയൻ, സിറിയക് കത്തോലിക്ക, സിറിയക് ഓർത്തഡോക്സ് സഭകളിൽ നിന്നുള്ള വിശ്വാസികൾ സെപ്റ്റംബർ ഒമ്പത് മുതൽ 13 വരെ എർബിലിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിനായി ഒത്തുകൂടി.

മെഴുകുതിരി പ്രദക്ഷിണം, പ്രാർത്ഥനകൾ, സംഗീത കച്ചേരികൾ, കായിക വിനോദങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവ ആഘോഷങ്ങളുടെ ഭാ​ഗമായിരുന്നു. ഒരു ദശാബ്ദം മുമ്പ് ഈ പ്രദേശം ആക്രമിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ക്രിസ്ത്യാനികളുടെ വിശ്വാസത്തിന് കോട്ടം വരുത്തുന്നതിൽ വിജയിച്ചില്ല എന്നതിന്റെ സൂചനയാണ് ഈ തിരുനാൾ എന്ന് കൽദായ ആർച്ച് ബിഷപ്പ് ബഷർ വാർദ പറഞ്ഞു.

“ക്രിസ്ത്യാനികൾ നാടുകടത്തപ്പെടുകയും പീഡനങ്ങൾ അനുഭവിക്കുകയും ചെയ്ത അബ്രഹാമിന്റെ നാട്ടിൽ നിന്ന് ഒരു പ്രത്യാശയുടെ വാക്ക് വരുന്നു. നമ്മൾ ഇപ്പോഴും ഇവിടെയുണ്ട്. നമ്മൾ ക്രിസ്തുവിൽ ഒന്നാണ്. കുരിശ് നിശബ്ദമാക്കപ്പെട്ടിട്ടില്ല, ഇറാഖിൽ ചെറുതും മുറിവേറ്റതുമായ ഒരു സഭ ലോകത്തിന് ഐക്യത്തിന്റെ ശക്തിയും വിശ്വാസത്തിന്റെ ധൈര്യവും പുനരുത്ഥാന ജീവിതത്തിന്റെ സന്തോഷവും കാണിച്ചു കൊടുത്തു.” ആർച്ച് ബിഷപ്പ് വാർഡ പറഞ്ഞു.

അങ്കാവയിലെ എർബിൽ പ്രദേശത്തZ സെന്റ് ഏലിയയുടെ കൽദായ ദേവാലയത്തിൽ നിന്ന് സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റിന്റെ അസീറിയൻ കത്തീഡ്രലിലേക്ക് 1.3 മൈൽ ദൂരം മെഴുകുതിരി തെളിച്ചുകൊണ്ടുള്ള ഘോഷയാത്രയോടെയാണ് തിരുനാൾ ആരംഭിച്ചത്. അവിടെ പ്രാർത്ഥനകൾക്കും കിഴക്കിന്റെ അസീറിയൻ സഭയുടെ പാത്രിയാർക്കീസ് ​​മാർ ആവാ മൂന്നാമന്റെ പ്രസംഗവും ഉണ്ടായിരുന്നു.

എ.ഡി 326-ൽ കോൺസ്റ്റന്റൈയിൻ ചക്രവർത്തിയുടെ അമ്മയായ ഹെലന രാജ്ഞി യേശുവിനെ കുരിശിൽ തറച്ച യഥാർത്ഥ കുരിശ് കണ്ടെത്തിയെന്നാണ് ചരിത്ര സാക്ഷ്യം. എന്നാൽ പേർഷ്യൻ രാജാവായിരുന്ന കൊസ്‌റോവാസ് ഇത് കയ്യടക്കി. എഡി 629-ൽ ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ വസ്തു വീണ്ടെടുത്ത് ജറുസലേമിൽ കൊണ്ടുവന്ന് കാത്തുസൂക്ഷിച്ചു. അതിനു ശേഷമാണ് കുരിശിന്റെ പുക്‌ഴചയുടെ തിരുനാൾ തിരുസഭയിൽ സാർവത്രികമായത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.